പത്തനംതിട്ട : കൊവിഡ് 19 ലോക്ക് ഡൗൺ നിയന്ത്രണ കാലയളവിൽ വ്യാപാരസ്ഥാപനങ്ങളിൽ പൂഴ്ത്തി വെയ്പ്പ്, അമിത വില ഈടാക്കുക തുടങ്ങിയവ നിയന്ത്രിക്കുന്നതിന് വിജിലൻസ് പരിശോധന നടത്തി. ഇലന്തൂർ,നെല്ലിക്കാല, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. ഇലന്തൂർ അർച്ചന ബേക്കറി, രാഗം മിനി സൂപ്പർമാർക്കറ്റ്,നെല്ലിക്കാല കരുണ മിനി സൂപ്പർ മാർക്കറ്റ്,അമൃത ബേക്കറി,കോഴഞ്ചേരി ബെസ്റ്റ് ബേക്കറി, വർഗീസ് ശാമുവൽ ഫാൻസി സ്റ്റോർ, തിരുവല്ല വല്ലഭ ബേക്കറി എന്നി സ്ഥാപനങ്ങൾ പരിശോധനയിൽ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി കണ്ടെത്തി.ലീഗൽ മെട്രോളജി വിഭാഗം ഇൻസ്പെക്ടർ ഉടമകളിൽ നിന്ന് പിഴ ഈടാക്കി.പത്തനംതിട്ട വിജിലൻസ് പൊലീസ് ഇൻസ്പെക്ടർമാരായ സി.എസ്.ഹരി,പി.എസ് രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹരി വിദ്യാധരൻ പറഞ്ഞു.