അട്ടച്ചാക്കൽ: കരിമ്പ്കൃഷിയുടെ മധുരം നിറഞ്ഞ നാളുകളുടെ സ്മൃതിയിലാണ് കോന്നിതാഴം.
അച്ചൻ കോവിലാറിന്റെ തീരങ്ങളിലെ തോട്ടങ്ങളിൽ നിന്ന് കരിമ്പ് കെട്ടുവള്ളങ്ങളിൽ പുളിക്കീഴിലെയും പന്തളത്തെയും പഞ്ചസാര ഫാക്ടറികളിൽ കൊണ്ടുപോയിരുന്ന കാലം പഴമക്കാർ ഒാർക്കുന്നു.
കൂലി ചെലവും പഞ്ചസാര ഫാക്ടറികളുടെ തകർച്ചയും കർഷകർക്ക് തിരിച്ചടിയായി. അച്ചൻകോവിലാറിന്റെ തീരങ്ങളിൽ പലയിടത്തും വർഷകാലത്ത് വെള്ളം കയറുന്നത് മറ്റ് കൃഷികൾക്ക് തടസമായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ കരിമ്പ് കൃഷി വേരുപിടിച്ചത്. ഇൗ മേഖലയിലെ കരിമ്പു കർഷകരെ സഹായിക്കാനായി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചുമതലയിൽ ചക്കും മില്ലും ഇവിടെ പ്രവർത്തിച്ചിരുന്നു. ശർക്കരയും വൻതോതിൽ ഉൽപാദിപ്പിച്ചിരുന്നു. കരിമ്പ് കൃഷി നഷ്ടമായതോടെ മില്ലിന്റെ പ്രവർത്തന ങ്ങൾ നിലച്ചു. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്. മില്ലിന്റെ പ്രവർത്തനം നിലച്ചതോടെ സൊസൈറ്റി തയ്യൽ പരിശീലന കേന്ദ്രം തുടങ്ങിയെങ്കിലും കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ അതും പൂട്ടി. 1980 വരെയുണ്ടായിരുന്ന കരിമ്പിൻ തോട്ടങ്ങളിൽ പലതും പിന്നീട് ഇഷ്ടിക ചൂളകൾക്ക് വഴിമാറിയെങ്കിലും അവയും ഇന്നില്ല. ഇവിടെയെല്ലാം ഇന്ന് റബ്ബർത്തോട്ടങ്ങളും പുതിയ കെട്ടിടങ്ങളുമുയർന്നു.
സൊസൈറ്റിയും മില്ലും നശിച്ചു
ആദ്യ കാലത്തെ 80 ഓഹരിയുടമകളുടെ പണമുപയോഗിച്ചാണ് സൊസൈറ്റി മില്ലിനായി 12 സെന്റ് സ്ഥലം വാങ്ങിയത്. പ്രവർത്തനം മുടങ്ങിയതോടെ മില്ലിന്റെ മേൽക്കൂരയും ഭിത്തികളും കാലപ്പഴക്കത്താൽ ഇടിഞ്ഞ് വീണ് നശിച്ചു. വാർപ്പുകളും ചെമ്പുകളുമടക്കമുള്ള ഉപകരണങ്ങൾ വിറ്റുപോയി.
അട്ടച്ചാക്കൽ, പയ്യന്നാമൺ, ചാങ്കൂർ മുക്ക്, ചിറ്റൂർകടവ്, കൊല്ലേത്ത്മണ്ണ് എന്നിവിടങ്ങളിൽ കരിമ്പ് കൃഷി വ്യാപകമായിരുന്നു.