പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് അടിയന്തര ജനറൽ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി.എം.ഒ വഴി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ആവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും മറ്റും വിതരണം ചെയ്യുന്നതിന് പദ്ധതി രൂപീകരിക്കുന്നതിനും ഇതിലേക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും ജില്ലാ കുടുംബശ്രീ മിഷനും ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ച് നിർമ്മിക്കുന്നതിനും ഇതിലേക്ക് അനുമതി ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകുന്നതിനും തീരുമാനിച്ചു. ജില്ലയിലേക്കാവശ്യമായ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വാങ്ങുന്നതിന് ഡി.എം.ഒ നിർവഹണ ഉദ്യോഗസ്ഥനായി പദ്ധതി രൂപീകരിച്ച് എല്ലാ പഞ്ചായത്തുകളിലെയും പി.എച്ച്.സികളിൽ എത്തിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി പദ്ധതി രൂപീകരിക്കുന്നതാണ്.
2020-21 വാർഷിക പദ്ധതിയിൽ സാന്ത്വന പരിചരണ പദ്ധതിക്കായി മൂന്നു കോടി രൂപാ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതുൾപ്പെടെ 5 ലക്ഷം രൂപയിൽ താഴെയുള്ള പദ്ധതികൾ അടിയന്തരമായി നടപ്പാക്കുന്നതിലേക്ക് ഇവയുടെ തുക മാറി നൽകുന്നതിന് സർക്കാരിലേക്ക് അഭ്യർത്ഥിച്ച് തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രവാസികൾക്ക് ഐസൊലേസൻ സംവിധാനം സജ്ജീകരിക്കുന്നതിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ പദ്ധതി രൂപീകരിക്കുന്നതിനും ഇതിനാവശ്യമായ അനുമതിക്കായി സർക്കാരിലേക്ക് അഭ്യർത്ഥിക്കുന്നതിനും തീരുമാനിച്ചു.ജില്ലാ ആയുർവേദാശുപത്രി മുഖേന കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുഖായുഷം,ആരോഗ്യ രക്ഷാ എന്നീ പദ്ധതികൾ നടപ്പാക്കുന്നതിന് തീരുമാനിച്ചു.ജില്ലാ അലോപ്പതി,ആയുർവേദ,ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ്19 മായി ബന്ധപ്പെട്ട് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.പഞ്ചായത്ത് തലത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളിലേക്ക് ഒരു ഊണിന് 5രൂപാ ക്രമത്തിൽ പഞ്ചായത്തുകൾക്ക് തുക അനുവദിക്കുന്നതിനും കൊവിഡ്19മായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പഞ്ചായത്തുകളിൽ ഐസൊലേഷനിൽ കഴിയുന്ന കുടുംബങ്ങൾക്കാവശ്യമായ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. സർക്കാരിന്റെ അനുമതി ലഭ്യമാകുന്ന മുറക്ക് പദ്ധതികൾ നടപ്പാക്കുന്നതാണെന്നു് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അറിയിച്ചു.