പത്തനംതിട്ട : റാന്നി വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിൽ പരുവ പ്രദേശത്തും നാറാണംമൂഴിയിൽ കുടമുരുട്ടിയിലുമാണ് ഡെങ്കിപ്പനി കൂടുതലായി കാണപ്പെട്ടത്.
റബർ തോട്ടങ്ങൾ കൂടുതലുള്ള ഈ പ്രദേശങ്ങളിൽ ചിരട്ട ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളിൽ മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യമുണ്ട്. കുടിവെള്ളം വീടിനുള്ളിലും പുറത്ത് ടാങ്കുകളിലും ശേഖരിച്ച് വച്ചിരിക്കുന്നവയിൽ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളുടെ ഉൾവശം ആഴ്ചയിലൊരിക്കലെങ്കിലും നന്നായി ഉരച്ചുകഴുകണം. പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉൾവശത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കൊതുക് മുട്ടകളെ ഇല്ലാതാക്കാൻ ഇതുമൂലം സാധിക്കും. കൊതുകുകടി ഏൽക്കാത്ത വിധം വ്യക്തിഗത സുരക്ഷയും സ്വീകരിക്കണം. പനി ലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം.