പത്തനംതിട്ട : ജില്ലയിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. വൈറസ് പ്രതിരോധ സംവിധാനങ്ങൾ കർശനമായി പാലിക്കും.. മുഖാവരണം, കൈകഴുകുന്നതിനുള്ള സംവിധാനം എന്നിവ അതതു പഞ്ചായത്തുകൾ ജോലിസ്ഥലങ്ങളിൽ തയാറാക്കിയിട്ടുണ്ട്. ഇരുപതുപേരെ വരെ ഒരു മസ്റ്റർറോൾ പ്രകാരം ജോലിക്കായി നിയോഗിക്കുമെങ്കിലും അഞ്ചുപേർ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ജോലി. സാമൂഹിക അകലം ഉറപ്പാക്കും. ആരോഗ്യ വകുപ്പിലെയും തദ്ദേശഭരണ വകുപ്പിലെയും ഫീൽഡുതല ജീവനക്കാർ എല്ലാ പ്രവൃത്തിസ്ഥലങ്ങളും സന്ദർശിച്ച് പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തും.
60 വയസിനുമേൽ പ്രായമുള്ള തൊഴിലാളികളെ ജോലിക്ക് നിയോഗിക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷി താരതമ്യേന കുറവായതിനാലാണ് താൽക്കാലിക വിലക്ക്.
ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളായി നിർണയിക്കപ്പെട്ടിട്ടുള്ള തദ്ദേശസ്ഥാപനങ്ങളിൽ തൽക്കാലം തൊഴിൽദാനം ഉണ്ടാകില്ല.