ചെങ്ങന്നൂർ: കൊവിഡ് 19 രോഗബാധയെത്തുടർന്ന് വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പ്രതിരോധ പ്രവർത്തകർക്ക് പിന്തുണയേകി
തിരുവൻവണ്ടൂരിലെ കലാകാരന്മാരും ആസ്വാദകരും അവതരിപ്പിക്കുന്ന ഓൺലൈൻ സംഗീത പരിപാടികൾ ശ്രദ്ധേയമായി. ദിവസവും വൈകുന്നേരം 7മണി മുതൽ ഒരു മണിക്കൂർ തിരുവൻവണ്ടൂർ മഹാക്ഷേത്രം എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായി കലാ പരിപാടികൾ കാണാം. സംഗീതസദസ്, മ്യൂസിക്ഫ്യൂഷൻ, പുല്ലാം കുഴൽ കച്ചേരി, നാദസ്വരക്കച്ചേരി, നാമാർച്ചന, അഷ്ടപദി കച്ചേരി, സോപാന സംഗീതം, തായമ്പക, ക്ലാസിക്കൽ നൃത്തം, ലയ വിന്യാസം എന്നിവയാണ് പരിപാടികൾ. ലോക്ക് ഡൗൺ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പരിപാടികൾ നടത്തുന്നത്.
മഹാമാരി വിതച്ച ഭീതിയിൽ മനസും ശരീരവും തളർന്ന് ഒറ്റപ്പെട്ടിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതിന് ഓൺലൈൻ കലാ പരിപാടികൾക്ക് കഴിഞ്ഞതായി അഡ്മിൻ പാനൽ വ്യക്തമാക്കി. കഴിഞ്ഞ എട്ട് ദിവസങ്ങളായി നടന്നു വരുന്ന പരിപാടികൾക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് നല്ല പ്രതികരണവും പിന്തുണയുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നന്ദിനി നന്ദകുമാർ, അക്ഷിത സുരേഷ് (മഴുക്കീർ) എന്നിവർ അവതരിപ്പിച്ച സംഗീതാർച്ചന നടന്നു. എ.ആർ.തുളസീധരൻ തിരുവൻവണ്ടൂർ (മൃദംഗം), എ.ജി സജികുമാർ തിരുവൻവണ്ടൂർ (ഘടം), പക്കമേളമൊരുക്കി. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ബന്ധപ്പെടാം. ഫോൺ: 9048981445.