മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ തുറന്നു പ്രവർത്തിച്ച മീൻ വ്യാപാര കേന്ദ്രങ്ങളിൽ തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 500 കിലോയോളം പഴകിയ മീൻ പിടികൂടി നശിപ്പിച്ചു.റവന്യൂ, തദ്ദേശ സ്വയംഭരണം,ലീഗൽ മെട്രോളജി,ഫുഡ് അൻഡ് സേഫ്റ്റി,ഫിഷറീസ്,ആഭ്യന്തര വകുപ്പുകൾ സംയുക്തമായി ചുങ്കപ്പാറ, വായ്പ്പൂര്,മല്ലപ്പള്ളി ടൗൺ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭക്ഷ്യയോഗ്യമല്ലാത്തവ കണ്ടെടുത്തത്.മല്ലപ്പള്ളി ടൗണിൽ കടകളിലെ പരിശോധനക്ക് ശേഷം മൂശാരിക്കവലക്ക് സമീപം ഫ്രീസർ ലോറി പാർക്കുചെയ്തിരുന്ന സ്ഥലത്ത് ഉപയോഗ ശൂന്യമായ വലിയ മീൻ ഉപേക്ഷിക്കപ്പെട്ടനിലയിലും പാതി മറവുചെയ്ത നിലയിലും കണ്ടെത്തി.ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവകുപ്പുകൾക്ക് നിർദേശം നൽകി. മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചവരിൽ നിന്നും പിഴ ഈടാക്കി.പരിശോധനകൾക്ക് മല്ലപ്പള്ളി തഹസീൽദാർ ടി.എ.മധുസൂദനൻ നായർ,ആർ.ഡി.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് എസ്.റെജീന, ജൂണിയർ സൂപ്രണ്ട് പി.എ.സുനിൽ,ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ യു.അല്ലി, ഇൻസ്‌പെക്ടിംഗ് അസി.എ.നാസർ, താലൂക്ക് ഓഫീസ് ജൂണിയർ സൂപ്രണ്ട് ജി.ആനന്ദ്,ഫിഷറീസ് സബ് ഇൻസ്‌പെക്ടർ എൻ.ഉല്ലാസ്, റേഷനിംഗ് ഇൻസ്‌പെക്ടർ സോജോ ജോസഫ്,ഭക്ഷ്യസുരക്ഷാ ഓഫീസർ ടി.ആർ. പ്രശാന്ത്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.വി.ന്യൂജു, സി.പി.ഒ കെ.എം.സന്തോഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സിറാജ്,കെ.ബി. അനീഷ്, കൃഷ്ണൻകുട്ടി,ഹരികുമാർ, സുശീല,ഉഷ, ഗീതു,തുടങ്ങിയവർ പങ്കെടുത്തു.