പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ പത്താം ക്ലാസുകാരൻ അഖിലിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ കുട്ടികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട ജുവനൈൽ കോടതി തള്ളി. ജാമ്യപേക്ഷയും തളളി. രണ്ടിനുമുളള അപേക്ഷ അടുത്തയാഴ്ച വീണ്ടും നൽകും.

കൊലപാതകത്തിന് ശേഷം കൂട്ടുകാരനെ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കുറ്റവാളികളായ കുട്ടികളെക്കൊണ്ട് മണ്ണുമാന്തി മൃതദേഹം പുറത്തെടുത്തത് വിവാദമായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.

കുട്ടിക്കുറ്റവാളികൾ എന്ന പരിഗണനയിലാണ് കോടതി നടപടി സ്വീകരിച്ചതെന്ന് അറിയുന്നു. ഈ ഘട്ടത്തിൽ കുട്ടികളെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ടന്ന നിലപാടാണ് ജസ്റ്റീസ് രശ്മി ചിറ്റൂർ സ്വീകരിച്ചത്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇതാദ്യമായാണ് കോടതി ഒരു കേസ് പരിഗണിക്കുന്നത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് വി.കുറുപ്പും അരുൺദാസും കോടതിയിൽ ഹാജരായി.