ഇളമണ്ണൂർ: ലോക്ക് ഡൗൺ മൂലം ഏറെ കഷ്ടത്തിലായത് നൂറുകണക്കിന് ഓട്ടോ തൊഴിലാളികളാണ്. സ്വന്തമായി ഓട്ടോയുള്ളവരും കൂലിക്ക് ഓടുന്നവരും ഇക്കൂട്ടത്തിലുണ്ട്. രണ്ടു മാസത്തോളമായി ഇവർ വീട്ടിലിരിപ്പാണ്. ഇന്ധന വിലവർദ്ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം കഷ്ടതയിലായിരിക്കുമ്പോഴാണ് കൊവിഡ് - 19 എത്തിയത്. സർക്കാറിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ഭക്ഷ്യ കിറ്റുകൾ മാത്രമാണ് ഇപ്പോൾ ആശ്രയം. സ്വന്തമായി ഓട്ടോ ഉള്ളതിനാൽ കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന് ഏനാദിമംഗലം മരുതിമുട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അലിയാർ പറഞ്ഞു. മൂന്നു മാസം വായ്പ തവണ അടക്കേണ്ടതില്ലെന്നത് ആശ്വാസകരമല്ല. ഇതുമൂലം പലിശ വർദ്ധിക്കുകയേ ഉള്ളു. ഇപ്പോൾ അടവ് കാലാവധി നീട്ടിയപ്പോൾ 500 - 600 രൂപ പ്രതിമാസം അധികം അടയ്ക്കേണ്ട ഗതികേടിലാണ്. നാലുമാസം ഓടാതിരുന്നാലും യഥാസമയം മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ മുന്നിൽ വാഹനം ടെസ്റ്റിംഗിന് ഹാജരാക്കണം. നികുതി അടക്കൽ, ടാക്സി പെർമിറ്റ് പുതുക്കൽ എന്നിവക്കൊന്നും കാലാവധി നീട്ടിക്കിട്ടുകയില്ല. വാഹനം ഓടിക്കാത്തതിനാൽ സാങ്കേതിക പ്രശ്നങ്ങളുമുണ്ടാവും. ഓയിൽ, പെട്രോൾ എന്നിവ വാങ്ങി വാഹനം സ്റ്റാർട്ട് ചെയ്യാൻപോലും വഴിയില്ലാതെ വലയുകയാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.