കൊടുമൺ: പത്താം ക്ളാസുകാരൻ അഖിൽ കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെ സൈബർ വിഭാഗവും അന്വേഷണം ആരംഭിച്ചു. അഖിലും പ്രതികളിൽ ഒരാളും സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടുണ്ട്. ഇവ പരിശോധിക്കാനായി സൈബർ പൊലീസിനെ ഏൽപ്പിച്ചു. മൊബൈലുകളിൽ കുട്ടികൾ തമ്മിൽ അയച്ച സന്ദേശങ്ങളും ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും.

പ്രതികളിൽ ഒരാളുടെ ഷൂസ് മരിച്ച അഖിൽ ഉപയോഗിച്ച ശേഷം നശിച്ചതിന്റെ പേരിലാണ് അവസാനമായി തർക്കമുണ്ടായതെന്നാണ് പൊലീസ് നിഗമനം. ഷൂസിന് പകരം മൊബൈൽ കൊടുക്കാമെന്ന് അഖിൽ സമ്മതിച്ചെങ്കിലും നടക്കാത്തതിന്റെ പേരിൽ നേരത്തെ അടിപിടിയുണ്ടായിരുന്നു. വീണ്ടും നടന്ന അടിപിടിക്കിടയിലാണ് അഖിൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.

പ്രതികൾക്ക് എന്തെങ്കിലും ക്രിമിനിൽ പശ്ചാത്തലമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് ഇതിന് മുൻപ് നടന്ന മോഷണങ്ങളിൽ കുട്ടികൾ ഉൾപ്പെട്ടിരുന്നതായി സംശയമുണ്ട്. വീണാ ജോർജ് എം.എൽ.എയുടെ വീട്ടിലെ സി.സി.ടി.വി മോഷ്ടിച്ചത് അഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയാണ്. സൈക്കിൾ, സ്കൂട്ടർ, ടി.വി തുടങ്ങിയവ പ്രദേശത്തു നിന്ന് മോഷണം പോയിട്ടുണ്ട്.

കഞ്ചാവ്, ലഹരി മരുന്ന് വിൽപ്പനക്കാരുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.