gosala
വിനോദ് കുമാർ മഹാലക്ഷ്മി ഗോശാലയിൽ

ടെക്‌സ്റ്റൈൽ ബിസിനസും പശുവളർത്തലും തമ്മിൽ എന്തു ബന്ധമെന്ന് ചോദിക്കരുത്. വസ്ത്രവിപണന രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ മഹാലക്ഷ്മി സിൽക്സിന്റെ സാരഥിയായ വിനോദ്കുമാർ പേരെടുത്ത പശുപ്രേമി. വിനോദിന്റെ ഗോശാലയിലുള്ളത് സഹിവാൾ, താർ പാർക്കർ, ഗീർ, നഗോരി, നന്ദി, ഹുങ്കാരു തുടങ്ങിയ അപൂർവ ഇനങ്ങളിൽപ്പെട്ടവ ഉൾപ്പെടെ അഞ്ഞൂറോളം പശുക്കൾ. ഓരോന്നിനെയും വിനോദ്കുമാർ പേരെടുത്തു വിളിക്കും!

...............

ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരിപ്പല്ല, തിരുവല്ല മഹാലക്ഷ്മി സിൽക്സ് മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ. ഗോശാലയിലെ പശുക്കളെ പോറ്റാൻ പിടിപ്പതു പണിയുണ്ട്. പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ അമരക്കാരനായ വിനോദ് കുമാർ ഒന്നാന്തരം പശുപ്രേമിയാണ്. വിവിധ ഇനത്തിലുള്ള അഞ്ഞൂറോളം പശുക്കൾ മഹാലക്ഷ്മി ഗോശാലയിൽ സുഖമായി കഴിയുന്നു. മഹാലക്ഷ്മി സിൽക്സിന്റെ തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകൾക്കും മൂന്ന് നിർമ്മാണ യൂണിറ്റുകൾക്കുമൊപ്പം ഗോശാല കൂടി നടത്തി കഠിനാദ്ധ്വാനത്തിന്റെ വഴിയിലൂടെ മുന്നേറുകയാണ് ഇൗ നാൽപ്പത്തിയൊന്നുകാരൻ.

ഭക്തിയോടെ

പശുപാലനം

മഹാലക്ഷ്മി ഗോശാലയുടെ തിരുവല്ല കുന്നന്താനത്തെയും പെരുന്തുരുത്തിയിലെയും ഫാമുകളിൽ ചെന്നാൽ ഒാടക്കുഴലൂതി നിൽക്കുന്ന ശ്രീകൃഷ്ണന്റെയും ഗോമാതാവിന്റെയും വിഗ്രഹം കാണാം. പശുക്കളെ കന്നുകാലികളെന്ന് വിനോദ് കുമാർ വിളിക്കില്ല. എല്ലാത്തിനും ദൈവതുല്യമായ പരിപാലനം. ഉൗർമിളേ... സീതേ... ഗൗരീ... ലക്ഷ്മീ... എന്നൊക്കെ വിനോദ് വിളിക്കുമ്പോൾ സ്നേഹം പ്രകടിപ്പിക്കുന്നവരാണ് ഈ ഗോക്കൾ. തൊഴുത്തിൽ പൂർണ ശുചിത്വം. പശുക്കളുടെ ദേഹത്ത് അഴുക്കോ പ്രാണികളോ കാണില്ല. വെള്ളവും തീറ്റയും കൊടുക്കാൻ പ്രത്യേക അറകളോടെയുള്ള സംവിധാനം!

എട്ടുവർഷം മുമ്പ് ഗുജറാത്തിൽ നിന്ന് കൊണ്ടുവന്ന അഞ്ചു പശുക്കളുമായാണ് ഫാമിന്റെ തുടക്കം. കുടുംബവീടിനടുത്ത് കുന്നന്താനത്താണ് ആദ്യ ഫാം തുടങ്ങിയത്. അവിടെ നാനൂറെണ്ണമുണ്ട്. എം.സി റോഡരികിൽ, പെരുന്തുരുത്തിയിലെ ഫാമിൽ നൂറോളം പശുക്കളും. അപൂർവ ഇനങ്ങളിലുള്ള സഹിവാൾ, താർ പാർക്കർ, ഗീർ, നഗോരി, നന്ദി, ഹുങ്കാരു, ഓങ്കോൾ, വെച്ചൂർ, ചെറുവള്ളി, റെഡ് സിന്ധി, ഭാവ്നഗർ എന്നിവയെല്ലാം ഫാമിലുണ്ട്. ഇവയുടെ പല തരത്തിലുള്ള ബ്രീഡുകളെയും വളർത്തുന്നു.

16 തവണ പ്രസവിച്ച വയനാടൻ ഇനം പശു ഇപ്പോൾ അഞ്ചു ലിറ്റർ പാൽ നൽകുന്നുണ്ട്. ഒരുനേരം 12 ലിറ്റർ പാൽ തരുന്നവയുമുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്ക് പാൽ നൽകുന്ന ഹുങ്കാരു ഇനത്തിൽപ്പെട്ട പശുവും ഫാമിലുണ്ട്. കിടാവുകളെ ഫാമിൽ അഴിച്ചുവിട്ടിരിക്കുകയാണ്. രണ്ടു ഫാമുകളിലുമായി പത്ത് പരിപാലകർ. പശുക്കളെ ഇഷ്ടപ്പെടുന്ന മുൻമന്ത്രി പി.ജെ. ജോസഫ് ഫാമിലെ സ്ഥിരം സന്ദർശകനാണ്.


ഗുണമേന്മയുള്ള

പാൽ, തീറ്റ

മഹാലക്ഷ്മി ഗോശാലയിൽ നിന്ന് നൽകുന്ന ഒരു ലിറ്റർ പാലിന് 100 രൂപയാണ് വില. മനുഷ്യർക്ക് ആരോഗ്യപ്രദമായ അമിനോ ആസിഡ് കൂടുതലുള്ള പാലാണിത്. ഓർഗാനിക് ഷോപ്പുകളിലൂടെയാണ് പാൽ വിപണനം. നടീനടന്മാരും സെലിബ്രിറ്റികളും സ്ഥിരമായി ഫാമിലെ പാൽ വാങ്ങുന്നു. നെയ്യുണ്ടാക്കാനും ചിലർ കൊണ്ടുപോകുന്നുണ്ട്. നാടൻ പശുക്കളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ വിനോദിനെ തേടിയെത്തിയിട്ടുണ്ട്. 2017-18 ലെ ഗോപാൽമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ഗോശാലയ്ക്കുള്ള അവാർഡ് തേടിയെത്തി.
ഗോക്കൾക്ക് പോഷകസമൃദ്ധമായ തീറ്റയാണ് ഇവിടെ നൽകുന്നത്. ഗോതമ്പ്, തിന, വൻപയർ, ചെറുപയർ, തവിട്, ചോളം എന്നിവയെല്ലാം പൊടിച്ചുചേർത്താണ് തീറ്റയുണ്ടാക്കുന്നത്. ഇതിനൊപ്പം കപ്പലണ്ടിയും മുതിരയും അരച്ചു നൽകും. പാൽ നൽകുന്നവയ്ക്ക് കാൽസ്യം പൊടി ഭക്ഷണത്തിനൊപ്പം നൽകും. കാലിത്തീറ്റയെക്കാൾ ഇതിനു ചെലവ് കുറവാണെന്ന് വിനോദ്‌കുമാർ പറയുന്നു.

ക്ഷീരമേഖലയിലെ

മൂല്യത്തകർച്ച

ക്ഷീരമേഖലയിലെ മൂല്യത്തകർച്ചയാണ് ഈ മേഖലയിലേക്കു തിരിയാൻ വിനോദിനെ പ്രേരിപ്പിച്ചത്. ജേഴ്‌സി പശുക്കളുടെ പാലും പാലുൽപ്പന്നങ്ങളും കച്ചവടക്കണ്ണോടെ വിറ്റഴിക്കുകയാണ് ചിലർ. ഗുണമേന്മയില്ലാത്ത പാൽ വിറ്റഴിക്കുന്ന ഇൗ രീതിക്ക് മാറ്റമുണ്ടാകണം. ഫാം തുടങ്ങിയ കാലത്ത് നാടൻ ഇനങ്ങളെ വളർത്തുന്നതിന് പ്രോത്സാഹനം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒട്ടേറെ നടപടികൾ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് വിനോദ് പറയുന്നു.

നാടൻ പശുക്കളെ വളർത്തുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം ഭൂമിയെ ശുദ്ധമാക്കാനും സഹായിക്കുന്നു. ജേഴ്‌സി പശുക്കളെക്കാൾ പതിന്മടങ്ങ് മൂലകങ്ങൾ നാടൻ പശുക്കൾ ഭൂമിക്കു നൽകുന്നു. പാൽ കഴിഞ്ഞാൽ നല്ല വളമാണ് ആവശ്യം. രാസവളത്തിനു പകരം നാടൻ പശുവിന്റെ ചാണകമോ മൂത്രമോ ഉപയോഗിച്ചാൽ നന്നായി കൃഷി ചെയ്യാം. കുട്ടിക്കാലത്ത് വീട്ടിലെ പശു വളർത്തലാണ് ഗോശാല എന്ന ആശയത്തിലെത്തിച്ചത്. കേരളത്തിൽ ആദ്യത്തെ ജൈവ നെൽക്കൃഷി നിരണത്ത് 18 ഏക്കറിൽ വിനാേദ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ കൂട്ടായ്മയിൽ നടത്തുന്നു. മഹാലക്ഷ്മി ഗാേശാലയിലെ ചാണകവും മൂത്രവുമാണ് വളം.

വളർച്ചയുടെ

പടവുകൾ

വിനോദ് കുമാർ 23-ാമത്തെ വയസിലാണ് ടെക്സ്റ്റൈൽസ് മേഖലയിലെത്തിയത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ ടെക്സ്റ്റൈൽ ഡിവിഷൻ ഹെഡായി തുടക്കം. 2008- ൽ സ്വന്തം ബിസിനസ് ആരംഭിച്ചു. 2010 ൽ തിരുവല്ല നഗരത്തിൽ മഹാലക്ഷ്മി ടെക്സ്റ്റൈൽസ് തുടങ്ങി. 250 ജീവനക്കാരാണ് ആദ്യമുണ്ടായിരുന്നത്. ഇപ്പോൾ നാല് ഷോറൂമുകളിലും മൂന്ന് പ്രൊഡക്ഷൻ സെന്ററുകളിലുമായി 1200 ജീവനക്കാരുണ്ട്.

ഡിസൈനിംഗിന്

സ്വന്തം 'ഇലാൻ'

വിനോദ് കുമാറിന്റെ ഭാര്യ സൗമ്യ നടത്തുന്ന ഇലാൻ ഡിസൈനിംഗ് സെന്റർ അന്താരാഷ്ട്ര നിലവാരത്തിലുളള സംസ്ഥാനത്തെ ആദ്യ ഡിസൈനിംഗ് സെന്ററാണ്. ജപ്പാൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. നാലരക്കോടി രൂപയാണ് ഡിസൈനിംഗ് യന്ത്രങ്ങളുടെ വില. കല്ല്യാണ വസ്ത്രങ്ങളുടെ ഡിസൈനിംഗിന് വിവിധ ജില്ലകളിൽ നിന്ന് ഒാർഡറുകൾ ലഭിക്കുന്നു.

ലോക്ക് ഡൗൺ കാലത്ത് ഗൃഹനാഥനൊപ്പം കൂടുതൽ സമയം ചെലഴിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യ സൗമ്യയും മകൻ രോഹനും മകൾ ലക്ഷ്മിനന്ദനയും. സൗമ്യ തിരുവല്ല നഗരത്തിൽ ഇലാൻ ബോട്ടിക് നടത്തുന്നു. രോഹൻ എട്ടാം ക്ളാസിലും ലക്ഷ്മി നന്ദന മൂന്നാം ക്ളാസിലും.