പള്ളിക്കൽ : കാലം എവിടെയോ മറന്നുവച്ച ചെപ്പേട് ഒരു ഗ്രാമത്തിന്റെ കഥയായി പുനർജനിക്കുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.പഴകുളം സുഭാഷിലൂടെ. സ്വന്തം ഗ്രാമമായ പള്ളിക്കലിന്റെ ചരിത്രത്തിലൂടെ നോവലെഴുതാൻ ലോക്ക് ഡൗൺ കാലത്തെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ചെമ്പോലകളിൽ ആലേഖനം ചെയ്യപ്പെട്ട പഴയകാല രേഖകളാണ് (രാജശാസനകൾ, വിളംബരങ്ങൾ ആദിയായവ ) ചെപ്പേടുകൾ. കാലഘട്ടത്തിന്റെ ചരിത്രനിർമ്മിതിയിൽ ചെപ്പേടുകൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. 1925 മുതൽ 50 വരെയുള്ള കാൽനൂറ്റാണ്ട് കാലത്തെ ഒരു ഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയചരിത്രം ചെപ്പേട് എന്ന നോവലിൽ നിറയുന്നുണ്ട്. നായക - പ്രതിനായക പരിവേഷമുള്ള മാടമ്പിയെ കേന്ദ്ര കഥാപാത്രമാക്കി പള്ളിക്കൽ ഗ്രാമത്തിന്റെ കാർഷികസംസ്കൃതിയുടെ, ഉത്സവങ്ങളുടെ, ആചാരാനുഷ്ഠാനങ്ങളുടെ, ഭൂപ്രഭുത്വത്തിന്റെ, കുടിപ്പകയുടെ കഥകൾ വായനക്കാരിലേക്ക് എത്തുകയാണ്. കാൽനൂറ്റാണ്ടുകാലത്തെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ -സാംസ്കാരിക ചരിത്രം , നവോത്ഥാന പ്രക്ഷോഭങ്ങൾ ഇവയൊക്കെ നോവലിൽ പരാമർശ വിധേയമാകുന്നു. മഹാത്മാഗാന്ധി, മന്നത്തു പദ്മനാഭൻ, കേളപ്പൻ, ടി.കെ.മാധവൻ, അയ്യങ്കാളി, കുമ്പളത്തു ശങ്കുപ്പിള്ള തുടങ്ങിയവരുടെ ധന്യമായ സ്മരണകൾ ചെപ്പേടിനെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. നാട്ടിൻപുറത്തിന്റെ നന്മയും കുശുമ്പും കുന്നായ്മയും ജന്മി കുടിയാൻ ബന്ധങ്ങളും തീണ്ടലും തൊടീലും എല്ലാം നോവലിലുണ്ട്.
പന്തളം എൻ. എസ്. എസ് കോളേജിലെ മലയാള വിഭാഗം മുൻമേധാവിയാണ് പഴകുളം സുഭാഷ് . 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി. ബുക്സ്, പൂർണ്ണാ ബുക്സ് എന്നീ പ്രമുഖ പ്രസാധകരാണ് ആദ്യകാല കൃതികൾ പ്രസിദ്ധീകരിച്ചത്.
'ശാകുന്തളം ഒരു പഠനം ' എന്ന കൃതി മഹാത്മാഗാന്ധി സർവകലാശാല പ്രസിദ്ധീകരണവകുപ്പ് പ്രസാധനം ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഗവേഷണപ്രബന്ധം 'അരങ്ങുണർത്തിയ അടൂരുകാരെ'ക്കുറിച്ചുള്ള പഠനം, 'ഈവിയും മുൻഷിയും ' എന്ന പേരിൽ പുസ്തകരൂപത്തിലാക്കുന്നതിനും ലോക്ക് ഡൗൺകാലം ഉപയോഗപ്പെടുത്തുകയാണ് പഴകുളം സുഭാഷ്.