പത്തനംതിട്ട : 15 വർഷമായി റേഷൻ കാർഡ് ഇല്ലാതിരുന്ന ബിന്ദു തോമസിന്റെ കുടുംബത്തിന് പുതിയ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ ആർ.അഭിമന്യൂവിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ചു നൽകി.ഒപ്പം കുടുംബത്തിന്റെ സൗജന്യ റേഷനും.മല്ലപ്പള്ളി താലൂക്കിൽ പരിയാരത്താണ് ബിന്ദുവിന്റെ വീട്. ഇവർ താലൂക്ക് സപ്ലൈ ഓഫീസറെ ഫോണിൽ വിളിക്കുകയും റേഷൻ കാർഡ് ഇല്ലാത്തതിനാൽ തനിക്ക് റേഷൻ കിട്ടുന്നില്ലെന്നും കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു.ഉടൻ തന്നെ താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്‌പെക്ടറും അടങ്ങിയ സംഘം ബിന്ദുവിന്റെ വീട്ടിൽ എത്തുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.ബിന്ദു തോമസും ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം ഒറ്റമുറി ഷെഡിലാണ് താമസിക്കുന്നത്.ഈ മുറിയിൽ തന്നെയാണ് ഇവർ ആഹാരം പാകം ചെയ്യുന്നതും.ഈ ഷെഡിന് പഞ്ചായത്തിൽ നിന്നും നമ്പർ ലഭിക്കാത്തതിനാലാണ് റേഷൻ കാർഡിന് അപേക്ഷ നൽകാഞ്ഞതെന്നും ഇവർ പറഞ്ഞു.ബിന്ദുവിന്റെ ഫോട്ടോ മൊബൈലിൽ പകർത്തി മടങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ഉച്ചക്ക് ശേഷം തിരികെ ഇവരുടെ വീട്ടിൽ എത്തി പുതിയ മുൻഗണനാ റേഷൻ കാർഡ് നൽകുകയായിരുന്നു.ഇതോടൊപ്പം സർക്കാർ അനുവദിച്ച 15കിലോ സൗജന്യ റേഷനരിയും ആവശ്യമായ പച്ചക്കറികളുടെ കിറ്റും നൽകി.