26-driver
രൻജൻ

കോന്നി: ലോക് ഡൗൺ മൂലം പണി നഷ്ടപ്പെട്ട ബസ് ഡ്രൈവറുടെ ഇപ്പോഴത്തെ പണി വാഹന നിർമ്മാണം.. ഒറിജിനൽ വാഹനമല്ല,​ കളിപ്പാട്ട വാഹനങ്ങൾ. തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രൻജിനി കോട്ടേജിൽ രഞ്ചനാണ് (30) കൊവി‌ഡ് കാലത്ത് പുതിയ പണി കണ്ടെത്തിയത്. . പത്തനംതിട്ട കരുമാൻതോട് റൂട്ടിലോടുന്ന ബ്ല്യൂഹിൽ ബസിലെ ഡ്രൈവറാണ് രഞ്ജൻ. ലോക്ക് ഡൗൺ കാരണം സർവീസ് നിറുത്തിയതോടെ രഞ്ജൻ വീട്ടിലിരിപ്പായി.

വാഹനങ്ങൾക്ക് രണ്ടടി വരെ നീളമുണ്ടാകും. ഒരെണ്ണം പണിയാൻ 4 മുതൽ 5 വരെ ദിവസങ്ങളെടുക്കും ആദ്യം വാഹനങ്ങളുടെ രൂപം ചാർട്ടിൽ വരയ്ക്കും പി.വി.സി ഫോംഷീറ്റാണ് പ്രധാനമായും നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ പേന, സിഗർട്ട് ലാമ്പ്, കുടക്കമ്പി, കേബിൾ വയർ എന്നിവയും ഉപയോഗിക്കും. സിഗരട്ട് ലാമ്പ് ഇൻഡിക്കേറ്ററായും, കുടക്കമ്പിയും കേബിളും സീറ്റിന്റെ കമ്പിയായും മാറും. പെയിന്റ് ചെയ്യുന്നതോടെ വാഹനം ഒറിജിനലിനെ വെല്ലും. കോട്ടയത്തുള്ള ജയപാലൻ എന്ന സുഹൃത്ത് ഫോണിലൂടെ സംശയങ്ങൾ തീർത്തുകൊടുക്കും.ബസിലെ ജോലികഴിഞ്ഞുള്ള സമയങ്ങളിൽ സ്റ്റിക്കർ വർക്കുകൾ ചെയ്യുമായിരുന്നു. ഇതിൽ നിന്നാണ് കളിപ്പാട്ട നിർമ്മാണത്തിലേക്ക് കടന്നത്. നേരത്തെയും രഞ്ജൻ കൊച്ചുവാഹനങ്ങൾ നിർമ്മിക്കുമായിരുന്നെങ്കിലും ലോക്ക് ഡൗൺ മൂലം സമയം ലഭിച്ചതോടെയാണ് സജീവമായത്. ആവശ്യക്കാരേറിയതോടെ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. 5000 മുതലാണ് വില. .