തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ ജോലികൾ ഇന്നലെ മുതൽ പുനരാരംഭിച്ചു. നിർമ്മാണ മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെയും കുറ്റൂർ -കിഴക്കൻ മുത്തൂർ റോഡിന്റെയും നിർമ്മാണം ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ പുനരാരംഭിച്ചതെന്നു മാത്യു ടി.തോമസ് എം. എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിലെ ഇടിഞ്ഞില്ലം പാലത്തിന്റെ പ്രവൃത്തികളാണ് പുനരാരംഭിച്ചത്. ഇന്നലെ പാലത്തിന്റെ പൈൽക്യാപ്പ് വാർക്കുകയുണ്ടായി. കുറ്റൂർ - മുത്തൂർ - കിഴക്കൻമുത്തൂർ റോഡിന്റെ ഭാഗമായ വീതി കുറഞ്ഞ നാട്ടുകടവ് പാലം പൊളിച്ച് പുനർനിർമ്മാണം നടന്നുവരികയായിയരുന്നു. ഈ പാലത്തിന്റെ പണികളും പുനരാരംഭിച്ചിട്ടുണ്ട്. രണ്ടു പാലങ്ങളുടെയും പണികൾ മഴക്കാലത്തിന് മുൻപായി തീർക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ആളുകളെ പരമാവധി കുറച്ച് കൂടുതലും യന്ത്രവൽകൃത പ്രവൃത്തികളാണ് നടക്കുന്നത്. കുറ്റൂർ - മുത്തൂർ - കിഴക്കൻമുത്തൂർ റോഡിലെ ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റുന്ന ജോലികളും പുരോഗമിക്കുകയാണ്.