ചെങ്ങന്നൂർ : യു.ഡി.എഫ് നേതൃത്വത്തിലുള്ള ആല പഞ്ചായത്ത് ഭരണ സമിതി സമൂഹ അടുക്കള വീണ്ടും പൂട്ടി.അടുക്കള ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ നിഷേധാത്മക സമീപനമാണ് പഞ്ചായത്ത് സ്വീകരിച്ചത്.
സമൂഹ അടുക്കളയ്ക്കായുള്ള തുക തനതു, പദ്ധതി ഫണ്ടിൽ നിന്നും ചെലവാക്കാമെന്ന സർക്കാർ നിർദ്ദേശം നിലവിലിരിക്കെ ഫണ്ടില്ല എന്ന കാരണം കാട്ടിയാണ് അടുക്കള ആദ്യ തവണ പൂട്ടിയത്.തുടർന്ന് സി.പി.എം പഞ്ചായത്ത് അംഗങ്ങൾ നൽകിയ പരാതിയെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം സമൂഹ അടുക്കള വീണ്ടും ആരംഭിച്ചിരുന്നു .എന്നാൽ 200 ഭക്ഷണ പൊതികൾ നൽകി വന്നിരുന്ന അടുക്കള കഴിഞ്ഞ തിങ്കളാഴ്ച്ച മുന്നറിയിപ്പൊന്നുമില്ലാതെ വീണ്ടും പൂട്ടുകയായിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ആലാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ ആരംഭിച്ച നിൽപ്പു സമരം ഏരിയ കമ്മിറ്റിയംഗം എം ശശികുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഡി രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യനായി.ടി കെ സോമൻ, കെ.ആർ മുരളിധരൻ പിള്ള, സി.ഡി.എസ് പ്രസിഡന്റ് ഹേശ്വരി, പ്രൊഫ.കെ കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.