കല്ലേലി: തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമായതോടെ സംസ്ഥാനത്തേക്കുള്ള ചെങ്കോട്ട - കോന്നി അന്തർ സംസ്ഥാന പാതയിൽ നിരീക്ഷണം ശക്തമാക്കി. അതിർത്തിയിലെ കോട്ടവാസലിൽ തമിഴ്നാട്, കേരള പോലീസിന്റെ നിരീക്ഷണമുണ്ട്. റെഡ് ഹോട്ട് സ്‌പോട്ടിൽപ്പെട്ട ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ - കോന്നി കാനനപാതവഴി തമിഴ്നാട്ടുകാർ കേരളത്തിലേക്ക് വരുമെന്ന ഭീതിയും അധികൃതർക്കുണ്ട്. കല്ലേലി ചെക്ക് പോസ്റ്റിൽ കാവൽ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കോന്നി ഡി.എഫ്.ഒ യ്ക്ക് നിർദേശം നൽകി. കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ, ചെരുപ്പിട്ടകാവ്, കല്ലലി എന്നിവടങ്ങളിൽ 24 മണിക്കൂർ പരിശോധന നടന്നുവരുന്നതായി വനപാലകർ പറഞ്ഞു. അച്ചൻകോവിൽ കോന്നി റോഡും പുനലൂർ റോഡും ചേരുന്ന ചെരുപ്പിട്ടകാവിൽ വനപാലകർക്ക് പുറമെ പൊലീസും ആരോഗ്യവകുപ്പും സേവനത്തിനായുണ്ട്. ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിലുള്ളവർ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ ഈ വനപാതയാണുപയോഗിക്കുന്നത്. വനപാതയിലൂടെ നടന്ന് ജില്ലയിൽ പ്രവേശിക്കുന്നവരുമുണ്ട്. കൂടുതലാളുകൾ ഇതുവഴി കടന്നു വരാതിരിക്കാനുള്ള നടപടികളാണിപ്പോൾ സ്വീകരിക്കുന്നത്.

കോന്നി നാരായണപുരം ചന്തയിലെയും സമീപ ചന്തകളിലെയും പച്ചക്കറികൾ തിരുനെൽവേലിക്കടുത്തുള്ള ആലംങ്കുളം, തെങ്കാശിക്കടുത്തുള്ള കടയനെല്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്.