vehicle

പത്തനംതിട്ട: ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ആളുകൾക്ക് പനിയുണ്ടോയെന്ന് പരിശോധിക്കാൻ ഡോക്‌ടറായ സബ്കളക്ടറും സംഘവും ഇൻഫ്രാ റെഡ് തെർമോമീറ്റ‍റും മറ്റ് സൗകര്യങ്ങളുമുള്ള വാഹനം പുറത്തിറക്കി. മൂന്നു ദിവസത്തിനുള്ളിൽ രണ്ടു ഷിഫ്റ്റുകളിലായി 900ത്തോളം പേരെ പരിശോധിച്ചു. പനി ലക്ഷണങ്ങൾ ഉണ്ടായിരുന്ന 66 പേരെ ആശുപത്രികളിലേക്ക് അയച്ചു.

എം.ബി.ബി.എസുകാരനും തിരുവല്ല സബ് കളക്ടറുമായ വിനയ് ഗോയലും സുഹൃത്തുക്കളും ചേർന്നാണ് ഇന്നോവ കാർ പരിഷ്‌കരിച്ച് ആരോഗ്യവകുപ്പിന്റെ അനുമതിയോടെ നിരത്തിലിറക്കിയത്. കൊവിഡ് 19 പ്രതിരോധ നിർദ്ദേശങ്ങൾ വശങ്ങളിലെഴുതിയ വാഹനത്തിന് 'റാപ്പിഡ് സ്‌ക്രീനിംഗ് വെഹിക്കിൾ (കൊവിഡ് 19- ആർ.എസ്.വി) എന്നാണ് പേര്. അഞ്ച് മീറ്റർ വരെ അകലെനിൽക്കുന്നവരെ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിക്കാം. പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ പൊതുജനാരോഗ്യകേന്ദ്രത്തിൽ അറിയിക്കും. അവർ എത്തി ആശുപത്രികളിലേക്ക് മാറ്റും.

സ്രവങ്ങൾ ശേഖരിച്ച് കൊവിഡ് പരിശോധന നടത്താൻ ലാബ് സൗകര്യങ്ങളോടുകൂടിയ മറ്റൊരു വാഹനത്തിന്റെ പണിപ്പുരയിലാണ് വിനയ് ഗോയലും സംഘവും. വാഹനം സ്റ്റാർട്ടപ്പ് പദ്ധതിയു‌ടെ ഭാഗമാക്കാനും ശ്രമിക്കുന്നുണ്ട്. സഹപാഠി ഡോ. വികാസ് യാദവിന്റെ സഹായവുമുണ്ട്. ഹരിയാനയിലെ രോഹ്‌തക് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലാണ് വിനയ് ഗോയൽ പഠിച്ചത്.

തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജെഫി ചക്കിട്ട ജേക്കബ്,​ പി.ഡബ്ല്യു.ഡി ഇലക്ടോണിക്‌സ് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ മാത്യു ജോൺ,​ സൗണ്ട് എൻജിനിയർ പ്രിൻസ് തിരുവല്ല എന്നിവർ വാഹനം തയ്യാറാക്കുന്നതിൽ പങ്കാളികളായി.

റാപ്പിഡ് സ്‌ക്രീനിംഗ് വെഹിക്കിൾ

കാറിന്റെ മുന്നിൽ ഇൻഫ്രാ റെഡ് തെർമോമീറ്ററും മൈക്രോഫോണും കാമറയും

കാറിനുള്ളിൽ രണ്ട് മെഡിക്കൽ വോളണ്ടിയർമാരും സഹായിയും

പരിശോധനയ്ക്കായി തെർമോമീറ്ററിനും കാമറയ്ക്കും അഭിമുഖമായി നിൽക്കണം

വോളണ്ടിയർമാർക്ക് ടൂ വേ മൈക്കിലൂടെ വ്യക്തി വിവരങ്ങൾ ചോദിച്ചറിയാം

 രണ്ട് മിനിട്ടിൽ പരിശോധന പൂർത്തിയാക്കും,​ ആളുടെ ഫോട്ടോ കാമറ പകർത്തും

വാഹനം സജ്ജമാക്കാൻ ചെലവായത് 10,000രൂപ,​ ദിവസം 300 പേരെ സ്ക്രീൻ ചെയ്യാം

''നേരിട്ട് സമ്പർക്കം ഒഴിവാക്കുന്ന റാപ്പിഡ് സ്ക്രീനിംഗ് വാഹനം ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കും''.

-ഡോ. വിനയ് ഗോയൽ.