തിരുവല്ല: ലോക്ക് ഡൗൺ കാലത്ത് പത്രവിതരണത്തിനൊപ്പം കേരളകൗമുദി മുത്തൂർ ഏജന്റ് രാജേഷ് നടത്തുന്ന സാമൂഹ്യസേവനം നാട്ടുകാർക്ക് ആശ്വാസമാകുകയാണ്. ലോക്ക് ഡൗൺ മൂലം ആളുകൾക്ക് പുറത്തിറങ്ങാനാവാത്തതിനാൽ പത്രത്തിനൊപ്പം രാജേഷ് പാലും മരുന്നുമെല്ലാം ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്നു. അധികമായി പണമൊന്നും ഈടാക്കാതെയാണ് കൊവിഡ് കാലത്തെ ഈ സേവനം. വാർദ്ധക്യത്തിന്റെ അവശതകളാൽ ബുദ്ധിമുട്ടുന്നവർക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമാണ് നഗരത്തിൽ നിന്ന് മരുന്നുകൾ വാങ്ങി നൽകുന്നത്. രാമഞ്ചിറ, കാട്ടൂക്കര, പാലിയേക്കര, മുത്തൂർ, ചാലക്കുഴി, മന്നംകരച്ചിറ എന്നിവിടങ്ങളിലെല്ലാം സഹായം ചെയ്യുന്നതായി രാജേഷ് പറഞ്ഞു. കാടുകയറി കിടന്ന ചാലക്കുഴി മുത്തൂർ റോഡും അടുത്തിടെ വെട്ടിത്തെളിച്ചു സന്നദ്ധ സേവകനായി. നിർദ്ധനർക്ക് ആശുപത്രിയിൽ പോകാനും മറ്റും തന്റെ കാർ വിട്ടു നല്കാറുണ്ടെന്നും രാജേഷ് പറഞ്ഞു. എന്തു സഹായത്തിനും ഫോണിൽ ഒന്നുവിളിച്ചാൽ മതി ഇൗ യുവാവ് ഒാടിയെത്തും. ചെറുപ്പം മുതലേ പത്ര ഏജൻസിയുമായി മുന്നോട്ട് പോകുന്ന രാജേഷ് പൊതുജന സമ്പർക്കം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ആര്യയാണ് ഭാര്യ. മകൻ: ശിവതീർത്ഥ.