തിരുവല്ല : എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് തിരുവല്ല വെണ്ണിക്കുളം വരെ അവർ സ്‌നേഹകരങ്ങൾ കോർത്തു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നയാളിന് അത്യാവശ്യം വേണ്ട മരുന്നുകൾ എത്തിച്ച് സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും മറ്റൊരു ഉദാത്ത മാതൃകയായി മാറി.മരുന്നുകൾ തീർന്ന് ഒരാഴ്ചയായി ബുദ്ധിമുട്ടിലായിരുന്നു വെണ്ണിക്കുളം സ്വദേശി.കഴിഞ്ഞ കുറച്ചു നാളായി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് ആവശ്യമായ മരുന്നുകൾ അവിടെ മാത്രമാണ് ലഭിക്കുന്നത്. ലോക്ഡൗൺ ആയതിനാൽ ജില്ലകൾ കടന്ന് ഇത്ര ദൂരം പോകേണ്ടിയിരുന്നതിനാൽ മരുന്ന് വാങ്ങാനാവാതെ കഴിയുകയായിരുന്നു. ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ ഷിജു സ്‌കറിയ വിവരം സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് എല്ലാ നീക്കങ്ങളും ശരവേഗത്തിലായിരിന്നു. മരുന്ന് എത്തിക്കേണ്ട ചുമതല യുവജന കമ്മീഷൻ സംസ്ഥാന കോ-ഓഡിനേറ്റർ ഒറ്റപ്പാലം സ്വദേശി അഡ്വ.എം. രൺദീഷിന് നൽകി.വെള്ളിയാഴ്ച രാവിലെ ലിസി ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങാൻ വോളന്റിയറായി എത്തിയത് ഹനാൻ ആയിരുന്നു.അതേ,പഠനത്തിനും കുടുംബത്തെ നോക്കുന്നതിനുമായി കൊച്ചി നഗരത്തിൽ മീൻ വിൽപ്പന നടത്തിയ മിടുക്കി പെൺകുട്ടി. ഹനാൻ മരുന്ന് വാങ്ങി എറണാകുളത്തെ ഗാന്ധി നഗർ ഫയർ സ്റ്റേഷനിൽ എത്തിച്ചു.
എറണാകുളം ജില്ലാ അതിർത്തിയായ തലയോലപ്പറമ്പിൽ എത്തിച്ച മരുന്ന് കോട്ടയത്തെ ഫയർഫോഴ്സ് അധികൃതർ ഏറ്റുവാങ്ങി.അവർ ചങ്ങനാശേരിയിൽ എത്തിച്ചു.തിരുവല്ലയിൽ ഫയർഫോഴ്സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ചങ്ങനാശേരിയിൽ നിന്ന് മരുന്ന് ഏറ്റുവാങ്ങി വെള്ളിയാഴ്ച ഉച്ചയോടെ വെണ്ണിക്കുളത്ത് എത്തിച്ചു.തിരുവല്ല ഫയർഫോഴ്സ് സ്‌റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ പി.പ്രമോദ്, ഹോംഗാർഡ് ടി.ആർ. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് വെണ്ണിക്കുളത്ത് മരുന്ന് എത്തിച്ചത്.നൂറിലേറെ കിലോമീറ്റർ താണ്ടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ,എല്ലാ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അഡ്വ.എം. രൺദീഷ്, മരുന്നു വാങ്ങിയ ഹനാൻ തുടങ്ങിയവർക്കെല്ലാം നന്ദി പ്രകടിപ്പിക്കുകയാണ് വെണ്ണിക്കുളം സ്വദേശിയും കുടുംബവും.