ചെങ്ങന്നൂർ : കേരളകൗമുദി ലേഖകനും കെ.ജെ.യു ചെങ്ങന്നൂർ യൂണിറ്റ് വൈസ് പ്രസിഡന്റുമായ കൊച്ചുപുരയ്ക്കൽ
സന്തോഷ് കുമാറിനെ ഗുണ്ടാസംഘം ആക്രമിച്ചു. മുഖ്യപ്രതി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുവശം പുത്തൻവീട്ടിൽ പടി കടയ്ക്കലേത്ത് ഓമനക്കുട്ടന്റെ മകൻ ശ്രീജിത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ടാൽ അറിയാവുന്ന മറ്റു നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 10 മണിയോടെ പുത്തൻവീട്ടിൽപടി ഓവർ ബ്രിഡ്ജിന് സമീപം കൊയ്ത്തുയന്ത്രം അപകടത്തിൽപ്പെട്ടതിന്റെ വാർത്തയും ചിത്രങ്ങളും ശേഖരിക്കുന്ന സമയത്തായിരുന്നു അഞ്ച് അംഗസംഘം ആക്രമിച്ചത്. സന്തോഷിനെ വളഞ്ഞിട്ട് മർദ്ദിച്ചു. പത്രലേഖകനാണെന്ന് പറഞ്ഞിട്ടും സംഘം പിൻവാങ്ങിയില്ല.
അവശനായ സന്തോഷിനെ നാട്ടുകാർ ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സന്തോഷിന്റെ കൈയ്ക്കും മുഖത്തിനും കാലിനും പരിക്കുണ്ട്. കഞ്ചാവ് വിൽപ്പന സംഘത്തെ കുറിച്ച് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. പിടിയിലായ ശ്രീജിത്ത് സ്ഥിരം കുറ്റവാളിയും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ സി.എെ എൻ.സുധിലാൽ, എസ്.എെ എസ്.വി. ബിജു,എ.എസ്.എെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിഷേധം
ചെങ്ങന്നൂർ: വാർത്താ ശേഖരണത്തിനിടയിൽ കേരളകൗമുദി ലേഖകനും കെ.ജെ.യു ചെങ്ങന്നൂർ യൂണിറ്റ് വൈസ് പ്രസിഡന്റുമായ സന്തോഷ് കുമാറിനെ മർദിച്ച സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പ്രതിഷേധം രേഖപ്പെടുത്തി.