പത്തനംതിട്ട: സർക്കാരിന്റെ സാമൂഹിക്ഷേമ പെൻഷനുകൾ ഉൾപ്പെടെ ആകെ മാസവരുമാനമായ 3000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി തിരുവല്ല പൊടിയാടി ലക്ഷ്മീഭവൻ വീട്ടിൽ ഗണേശനും കുടുംബവും. മാനസിക വിഷമതകൾ അനുഭവിക്കുന്ന ഗണേശന് 1200 രൂപയാണ് സാമൂഹ്യ ക്ഷേമപെൻഷനായി പ്രതിമാസം ലഭിക്കുന്നത്. ഇതിനൊപ്പം ഭിന്നശേഷിക്കാരിയായ മകൾ നീതു ഗണേശന് ലഭിച്ച പ്രതിമാസ പെൻഷൻ 1200 രൂപയും, ഇവരെ പരിചരിക്കുന്ന ഗൃഹനാഥ ഗീത ഗണേശന്റെ കൈവശമുണ്ടായിരുന്ന 600 രൂപയും ചേർത്ത് കുടുംബത്തിന്റെ ആകെ മാസ വരുമാനമായ 3000 രൂപയും ഇവർ സംഭാവന നൽകി. സർക്കാർ രണ്ടു തവണകളായി ആറു മാസത്തെ പെൻഷൻ നൽകിയപ്പോൾ കുടുംബമായി എടുത്ത തീരുമാനമാണ്, ഒരു മാസത്തെ മുഴുവൻ വരുമാനവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്നത്.
ഗീതാ ഗണേശിൽ നിന്ന അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ തുക ഏറ്റുവാങ്ങി. നിർദ്ധനാവസ്ഥയിലും സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ഗണേശന്റെ കുടുംബം നാടിന് മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനിൽ കുമാർ, നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗം ചന്ദ്രലേഖ എന്നിവർ സന്നിഹിതരായിരുന്നു.
തിരുവല്ല നിയോജക മണ്ഡലത്തിലെ നിരവധി കുട്ടികൾ വിഷു കൈനീട്ടമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കുറ്റൂർ വഞ്ചിമലയിൽ നിരഞ്ജന, സായിലക്ഷ്മി, ആവണി, അമേയ എന്നീ കുട്ടികൾ അവർക്കു കിട്ടിയ വിഷുകൈനീട്ടം 5150 രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകി. കവിയൂരിലെ ശിവാനി, ആദർശ്, ആഷിക്, അനാമിക, നിതിൻ, ദുർഗ, ആനിദേവ് എന്നീ കുട്ടികൾ വിഷുകൈനീട്ടമായി കിട്ടിയ 2000 രൂപ ദുരിതാശ്വാസനിധിയിലേക്കി നൽകി. കവിയൂരിലെ അമ്മ ബഡ്ജറ്റ് ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം 3500 രൂപയും സംഭാവന നൽകി.