പത്തനംതിട്ട: ഒരിഞ്ചു ഭൂമി പോലും തരിശിടാതെ മുഴുവൻ കുടുംബങ്ങളും കൃഷിയിറക്കണമെന്ന് മലങ്കരസഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ െഎറേനിയോസ് മെത്രൊപ്പൊലീത്ത അഭിപ്രായപ്പെട്ടു. സഭയുടെ സ്ഥാപനങ്ങളുടെയും പളളികളുടെയും പറമ്പുകളിൽ അടിയന്തരമായി കൃഷി ചെയ്യണം. കൊവിഡ് 19 ന്റെ തുടർച്ചയായി ഭക്ഷ്യക്ഷാമമുണ്ടാകാതിരിക്കാൻ വിവേകത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ധ്വാനത്തിന്റ വിയർപ്പ് ഈ മണ്ണിൽ വീഴുന്നില്ലെങ്കിൽ മാസങ്ങൾക്കുളളിൽ വിശപ്പിന്റെ കണ്ണുനീർ ഈ വീഴും. വീടിനു ചുറ്റും പച്ചക്കറി നടുകയും പറമ്പു മുഴുവൻ മറ്റ് ദീർഘകാല വിളകൾ കൃഷി ചെയ്യുകയും ചെയ്താൽ പ്രതിസന്ധിയെ അതിജീവിക്കാനാകും. സാധിക്കുന്നിടത്തെല്ലാം പ്ലാവ്, ഓമ തുടങ്ങിയ ഫല വൃക്ഷങ്ങൾ നടണം. ഈ സംരഭത്തിൽ നാനാ ജാതി മതസ്ഥരായ എല്ലാ കുടുംബങ്ങളെയും സഹകരിപ്പിക്കണം. നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരത്തിന്റെ നന്മകൾ വീണ്ടെടുക്കാൻ നമുക്ക് കഴിയും. അത് ധാർമ്മികതയും ദേശസ്‌നേഹവും ഉണർത്തും.
പ്രവാസികൾ വളരെയേറെയുളള പ്രദേശമാണ് പത്തനംതിട്ട. അവരുടെ ആയുസ്സും ആരോഗ്യവും സുരക്ഷിതത്വവും നമ്മുടെ പരിഗണനയുടെ വിഷയമാകണമെന്ന് െഎറേനിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. പ്രവാസികൾക്കു വേണ്ടി ഇന്നലെ പത്തനംതിട്ട രൂപതാ ആസ്ഥാനത്തെ ചാപ്പലിൽ പ്രത്യേക പ്രാർത്ഥന നടത്തി.