പത്തനംതിട്ട: പുതിയ കൊവിഡ് 19 കേസുകളില്ലാതെ പത്തനംതിട്ട രണ്ടാഴ്ച പിന്നിട്ടു. സമീപ ജില്ലകളിൽ പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെടുമ്പോഴും ജില്ലയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു പുതിയ കേസുമുണ്ടായില്ലെന്നത് ആശ്വാസമായി. ഇതോടെ ദേശീയതലത്തിൽ തുടർച്ചയായ 15 ദിവസം പുതിയ കേസുകൾ ഇല്ലാത്ത ജില്ലകളുടെ പട്ടികയിലേക്ക് പത്തനംതിട്ട മാറും. മാർച്ച് ഏഴിനാണ് ജില്ലയിൽ ആദ്യ കേസുകൾ സ്ഥിരീകരിച്ചത്. തുടർച്ചയായി കഴിഞ്ഞ 12 വരെ പുതിയ കേസുകളുണ്ടായി. വിദേശത്തു നിന്നെത്തിയ ചിറ്റാർ പാമ്പിനി സ്വദേശിക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ളത്.
@ തെക്കും വടക്കും അതിർത്തികൾ അടച്ചു
ഇതിനിടെ കൊല്ലം, കോട്ടയം ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായതോടെ അതിർത്തികളടച്ച് പാെലീസ് പരിശോധന കർശനമാക്കി. അടിയന്തര സാഹചര്യങ്ങളിലൊഴികെ സമീപ ജില്ലകളിലേക്ക് ആരെയും കടത്തിവിടില്ലെന്നറിയിച്ചിട്ടുണ്ട്. ബാരിക്കേഡുകളുപയോഗിച്ച് ജില്ലയുടെ എല്ലാ അതിർത്തികളും അടച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് സ്‌ക്വാഡും അതിർത്തികളിൽ 24 മണിക്കൂറും സേവനത്തിനുണ്ട്. 14 അതിർത്തികളിലാണ് പൊലീസ്, ആരോഗ്യവകുപ്പ് പരിശോധനയുള്ളത്. കോട്ടയം, കൊല്ലം അതിർത്തികൾ പങ്കിടുന്ന മേഖലകളിലാണ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിട്ടുള്ളത്.
പത്തനംതിട്ട ജില്ലയുടെ അതിർത്തിയിലെ പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകൾ കൊല്ലം ജില്ലയിൽ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശാസ്താംകോട്ടയിൽ രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ സമ്പർക്കപട്ടികയിൽ അതിർത്തി പഞ്ചായത്തുകളിൽപെട്ടവരുമുളളതായി പറയുന്നു. ഇത്തരമൊരു കടമ്പനാട്, മണ്ണടി മേഖലകളിൽ കർശന ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കടമ്പനാട് പഞ്ചായത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി.
കേട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന പായിപ്പാടും പൊലീസ് അടച്ചു. അന്യ സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേരെക്കൂടി ഇന്നലെ നിരീക്ഷണത്തിലാക്കി.