പത്തനംതിട്ട: രോഗബാധിതനായ മല്ലപ്പള്ളി വാളുവേലി മുറിയിൽ തോന്നിപ്പാറ വീട്ടിൽ ജോൺ ജോസഫി (52)ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ വി. റോബർട്ടിന്റെ നേതൃത്വത്തിൽ മരുന്നുകളും പലവ്യഞ്ജന കിറ്റും എത്തിച്ചു നൽകി. റാന്നി താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ് ജോൺ ജോസഫ്. ലോക്ക് ഡൗൺ മൂലം ആശുപത്രിയിലെത്തി മരുന്നു വാങ്ങാൻ നിർവാഹമില്ലാതെ ജോൺ ജോസഫ് ബുദ്ധിമുട്ടുകയായിരുന്നു.
നിസഹായാവസ്ഥ അറിഞ്ഞ വാളുവേലി 83ാം നമ്പർ അങ്കണവാടി ടീച്ചർ വി.കെ. ശ്യാമള സിവിൽ എക്‌സൈസ് ഓഫീസർ ബിനു വി വർഗീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇക്കാര്യം പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായ മാത്യു ജോർജിനേയും, മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ വി. റോബർട്ടിനേയും അറിയിച്ചു. പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ ശ്രമഫലമായി അത്യാവശ്യ മരുന്നുകൾ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് വാങ്ങി റാന്നി റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസറായ വി.കെ. സന്തോഷ്‌കുമാർ മുഖേന മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ വി. റോബർട്ടിനു കൈമാറി.
മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) എം.എസ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത് ജോസഫ്, എസ് മനീഷ്, എക്‌സൈസ് ഡ്രൈവർ വി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ മരുന്നുകളും അത്യാവശ്യ പലവ്യഞ്ജനങ്ങളം അടങ്ങിയ കിറ്റുമായി ജോൺ ജോസഫിന്റെ വീട്ടിലെത്തി കൈമാറി. ആനിക്കാട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മെമ്പർ ഷീബാ ജോസഫ്, അങ്കണവാടി ടീച്ചർ വി.കെ. ശ്യാമള തുടങ്ങിയവർ സന്നിഹിതരായിരുന്നു.