ചേർത്തല:കോട്ടയത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചരക്ക് ലോറി ഡ്രൈവർ ചേർത്തലയിലെ ഒരു കടയിലും ചരക്കുമായി എത്തിയെന്ന വിവരത്തെത്തുടർന്ന് കട ഉടമയും ലോഡ് ഇറക്കിയ ദിവസം കടയിലെത്തിയവരും ഉൾപ്പെടെ 13 പേരെ ആരോഗ്യ വകുപ്പ് വീടുകളിൽ നിരീക്ഷണത്തിലാക്കി.

കോട്ടയം സ്വദേശിയായ ഡ്രൈവർ മാർച്ച് 25നാണ് ചേർത്തലയിലെത്തി ലോഡിറക്കിയത്. അന്നു ഇയാൾക്ക് രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഉൾപ്പെടെ പോയി മടങ്ങിയെത്തിയ ഇയാൾ 28 ദിവസമായി നിരീക്ഷണത്തിലായിരുന്നു. കടയിലെ സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് ആ ദിവസം കടയിലെത്തിയവരെ കണ്ടെത്തിയത്. രോഗിയുടെ സമ്പർക്കപട്ടികയുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടി മത്രമാണ് ചെയ്തതെന്നും ആർക്കും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.