അടൂർ : ലോക് ഡൗണിൽപ്പെട്ട് ജീവിതം ദുരിതത്തിലായവർക്ക് വാട്ടർ അതോറിറ്റിയുടേയും ഇരുട്ടടി.കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം കിട്ടിയിട്ട്.കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടതിന് തൊട്ടുപിന്നാലെയാണ് ലോക്ഡൗണും ഏർപ്പെടുത്തിയത്. ഏതാനും മാസങ്ങളായി അടൂർ ശുദ്ധജലവിതരണ പദ്ധതി ആർക്കും പ്രയോജനമില്ല. എം. എൽ. എ യോ മറ്റ് ജന പ്രതിനിധികളോ ഇല്ലേ എന്നുമാണ് നാട്ടുകാരുടെ ചോദ്യം. ആവശ്യക്കാർ ഏറെയുള്ളപ്പോൾ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം കുടിവെള്ളം മുടങ്ങും.അല്ലാത്തപ്പോൾ നാടുനീളെ പൈപ്പ്പൊട്ടി വെള്ളം വെറുതേ പാഴാകുന്നതും കാണാം.ജലശുദ്ധീകരണം നടക്കുന്ന ചിരണിക്കൽ പ്ളാന്റിലെ രണ്ട് പമ്പ് സെറ്റുകളിൽ ഒന്ന് കേടായതാണ് ലോക്ഡൗൺ കാലത്ത് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ ഇടയാക്കിയത്.ഒരു മോട്ടോർ മാത്രം പ്രവർത്തിച്ചാൽ പരിമിതമായ അളവിലേ ജലം പുറത്തേക്ക് കൊടുക്കാനാകൂ.ഇതാകട്ടെ നിലവിലെ ആവശ്യത്തിന് പരിഹാരവുമാകില്ല. ഇതോടെയാണ് അടൂർ നഗരസഭയിലും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലും രണ്ടാഴ്ചയായി ശുദ്ധജലവിതരണം പൂർണമായും മുടങ്ങിയത്.ചില പഞ്ചായത്തുകൾ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ നൂറിലൊന്നിനുപോലും മതിയാകുന്നില്ല.ഏറെ സഹായത്തിന് എത്തേണ്ട അടൂർ നഗരസഭയാകട്ടെ ജനങ്ങളുടെ ഈ ദുരിതം ഇതുവരെയും കണ്ടമട്ടുമില്ല.ഇതുപോലെ ചത്ത നഗരസഭ എന്തിനാണെന്ന് നാട്ടുകാർ രോക്ഷത്തോടെ ചോദിക്കുന്നുണ്ട്.ഇനങ്ങളുടെ വിഷയങ്ങളിൽ ഇടപെടാതെ കണ്ണുംപൂട്ടിയിരിക്കുന്ന ജനപ്രതിധികൾ അടൂർ നഗരസഭയില്ലാതെ മറ്റ് ഒരിടത്തും കാണില്ല.ഭരണക്ഷിയിലെ അംഗങ്ങൾ പലതട്ടുകളായാൽ പിന്നെയെങ്ങനെയാണ് ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനാവുക. ലോക് ഡൗൺ കാലത്ത് ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയത് ഭക്ഷണസാധനങ്ങൾക്കല്ല, പകരം അത് പാകം ചെയ്ത് കഴിക്കാനുള്ള വെള്ളത്തിനാണ്. ലോക്ഡൗണിനേ തുടർന്ന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുള്ളപ്പോൾ ജനപ്രതിനിധികളും വാട്ടർ അതോറിറ്റിയും ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദുരിതം ജനങ്ങൾക്കുണ്ടാകില്ലായിരുന്നു.
ലോക്ഡൗൺ കാലത്ത് കുടിവെള്ളം മുട്ടിച്ച വാട്ടർ അതോറിറ്റിയുടെ നടപടിയിൽ ന്യായീകരണവുമില്ല.കുടിവെള്ളം ലഭ്യമാക്കാതിരുന്നതിലെ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം.
തമ്പാൻ,
(പെരിങ്ങനാട് പുത്തൻചന്ത)
തകരാറിലായ പമ്പ് സെറ്റിന് പകരം പുതിയ പമ്പ്സെറ്റ് മാറ്റി സ്ഥാപിച്ചുകഴിഞ്ഞു. രണ്ടു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കും.
അസി.എൻജിനീയർ,
(വാട്ടർ അതോററ്റി, അടൂർ)