തിരുവല്ല: ജീവാമൃതത്തിൽ വളർന്ന നെൽച്ചെടികളുമായി നിരണത്തെ ഗോവർദ്ധൻ പ്രകൃതികൃഷി പ്രചാരക സംഘം. നിരണം അരിയോടിച്ചാൽ പാടത്തെ 12 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻ വിജയം.
നാടൻ പശുവിന്റെ ചാണകവും മൂത്രവും പയറുപൊടിയും ശർക്കരയും രാസവളംചേരാത്ത സഥലത്തെ മണ്ണും ചേർത്ത് തയ്യാറാക്കുന്ന വളമാണ് ജീവാമൃതം. ഗോവർദ്ധൻ പ്രകൃതികൃഷി പ്രചാരക സംഘം ആറാം വർഷമാണ് ഇൗ മാർഗത്തിലൂടെ വിജയം കൊയ്യുന്നത്. ഇത്തവണ വിതച്ചത് കുഞ്ഞുകുഞ്ഞ് എന്ന പേരിലുള്ള വിത്താണ്. കീടങ്ങളെ തുരത്താൻ വിഷമരുന്നും മറ്റു കീടനാശിനികളും ഉപയോഗിക്കില്ല. വേപ്പിലയും ഗോമൂത്രവും ചാണകവും ചേർത്ത നീമാത്രയാണ് കീടനിയന്ത്രണത്തിനുള്ള മരുന്ന്. നെൽച്ചെടികൾക്കിടയിൽ വളരുന്ന കളകൾ പറിച്ചുകളയും. അതിനാൽ കളനാശിനിയും വേണ്ട. പുഴുക്കളെ കിളികൾ കൊത്തിത്തിന്നുകൊള്ളും. യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത്. പ്രകൃതി കൃഷിയുടെ പ്രചാരകൻ തുകലശേരി സ്വദേശി ഓമനകുമാറാണ് നെൽകൃഷിക്ക് നേതൃത്വം നൽകുന്നത്. നഗരത്തിലെ പ്രധാന ബിസിനസുകാർ ഉൾപ്പെടെ ഇരുപതോളം പേർ ചേർന്നാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പും റോട്ടറി ക്ലബ്ബും പിന്തുണയുമായുണ്ട്.
--------------------
ഒരുകിലോ അരിക്ക് നൂറുരൂപ
പ്രകൃതി കൃഷിയിലൂടെ ലഭിക്കുന്ന നെല്ല് കുത്തി അരിയാക്കി നേരിട്ട് വിൽക്കും. തവിട് കലർന്ന ഒരുകിലോ അരിക്ക് 100 രൂപയാണ് വില. എണ്ണൂറോളം കുടുംബങ്ങൾക്ക് ആവശ്യമുള്ള അരിയാണ് ഇത്തവണ കൃഷി ചെയ്തത്. ഒരേക്കറിലെ കൃഷിക്ക് 60,000 രൂപയോളം ചെലവായി.
---------------
ജീവാമൃതം
നാടൻ പശുവിന്റെ ചാണകവും മൂത്രവും പയറുപൊടിയും ശർക്കരയും രാസവളംചേരാത്ത സഥലത്തെ മണ്ണും ചേർത്ത് തയ്യാറാക്കുന്ന വളമാണ് ജീവാമൃതം