കടമ്പനാട് : കൊവിഡ് ഭീതിയെ തുടർന്ന് അലഞ്ഞ് തിരിഞ്ഞ യുവാവിനെ നാട്ടുകാർ തടഞ്ഞ് വെച്ചു.അധികൃതർ ഏറ്റെടുക്കാത്തതിനെതുടർന്ന് പൊലീസെത്തി മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചു.പള്ളിക്കൽ പഞ്ചായത്തിലെ ചേന്നംപുത്തൂർ കോളനിയിൽ ഒരു വർഷം മുൻപ് വരെ താമസിച്ചിരുന്ന സന്തോഷ് എന്നയുവാവാണ് ഇന്നലെ രാവിലെ 10ന് തെങ്ങമം കൊല്ലായ്കൽ ജംഗ്ഷനിലെത്തിയത്. എവിടെയായിരുന്നു എന്ന് നാട്ടുകാർ ചോദിച്ചിട്ടും പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിച്ചത്. തുടർന്ന് തെങ്ങമം ജംഗ്ഷനിൽ പിക്കറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അസി.പൊലീസ് സബ് ഇൻസ്പെക്ടർ അജി കെ.ബി,സിവിൽ പൊലീസ് ഓഫീസർ വിനോദ് എന്നിവരെ വിവരമറിയിച്ചു. പൊലീസുദ്യോഗസ്ഥരും നാട്ടുകാരും പള്ളിക്കൽ പഞ്ചായത്തധികൃതരെയും,കളക്ട്രേറ്റിലെ കൺട്രോൾ റൂം,കൊറോണസെൽ,പള്ളിക്കൽ കുടുംബാരോഗ്യകേന്ദ്രം അധികൃതർ എന്നിവരെ വിവരമറിയിച്ചു.മെഡിക്കൽ സംംഘം സ്ഥലത്തെത്തിഫ്ലാഷ് തെർമോ മീറ്റർ ഉപയോഗിച്ച് ചൂട് നോക്കി. മറ്റ് അസുഖലക്ഷണങ്ങളൊന്നും ഇല്ലന്നും മറ്റൊന്നും ചെയ്യാനില്ലെന്നും പറഞ്ഞു. പരിശോധിക്കാനോ മറ്റ് നടപടികളോ സ്വീകരിച്ചില്ല. കൺട്രോൾറൂമിൽ നിന്നോ കൊവിഡ്സെല്ലിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല.ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ 108 ആംബുലൻസ് വിളിച്ചിട്ട് വന്നില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ എം.ശിവദാസനും ചേർന്ന് ഓട്ടോറിക്ഷാ വിളിച്ച് പള്ളിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഇയാളെ എത്തിച്ചു. തുടർന്ന് ഏൽപ്പിക്കാനിടമില്ലാതെ വലഞ്ഞ മെമ്പറും പൊലീസ് ഉദ്യോഗസ്ഥരും ഒടുവിൽ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ വിളിച്ച് തൽകാലത്തേക്ക് മഹാത്മയിൽ പാർപ്പിച്ചിരിക്കുകയാണ്. തെങ്ങമത്തിന്റെ അതിർത്തിയിലാണ് ഇപ്പോൾ കൊവിഡ്സ്ഥി തീകരിച്ച പോരുവഴി പഞ്ചായത്ത്.അതിർത്തികൾ അടച്ച് ജാഗ്രത തുടരുന്നുണ്ട് . ജനങ്ങളിൽ ഭീതി നിറയുന്ന സാഹചര്യത്തിൽ സംശയാസ്പദമായി കണ്ടെത്തുന്നവരെ കുറിച്ച് വിവരമറിയിച്ചാൽ ഉത്തരവാദിത്വപ്പെട്ടവർ നിസംഗതാമനോഭാവം പുലർത്തിയതിനെതിരെ ജില്ലാകളക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.