കടമ്പനാട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ കടമ്പനാട് പഞ്ചായത്തിൽ ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തുന്ന രീതിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തിയതായി ജില്ലാകളക്ടർക്ക് പരാതി. കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ സി.കൃഷ്ണകുമാറാണ് പരാതി നൽകിയത് . വാഹനങ്ങളിലെ കച്ചവടക്കാരും ഭക്ഷ്യ സാധനങ്ങളും വഴി കൊറോണ പടരാൻ സാദ്ധ്യതയുള്ളതുകൊണ്ട് മറ്റ് സ്ഥലങ്ങളിലെ വാഹനങ്ങളിൽ വരുന്ന കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നായിരുന്നു അനൗൺസ്മെന്റ്. പഞ്ചായത്ത് സെക്രട്ടറി ആരെയും അനൗൺസ്മെന്റ് നടത്താൻ ചുമതലപ്പെടുത്തിയിട്ടിയില്ലാ എന്നറിഞ്ഞതുകൊണ്ടാണ് കളക്ടർക്ക് പരാതി നൽകിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
എന്നാൽ കടമ്പനാട് പഞ്ചായത്തിന്റെ തൊട്ടടുത്തുള്ള കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെ നിന്ന് ധാരാളം ആളുകൾ കച്ചവടത്തിനും മറ്റും പഞ്ചായത്തിലെത്തുന്നതിനാൽ ജനങ്ങൾ ജാഗ്രപാലിക്കണമെന്ന അറിയിപ്പ് നൽകുകമാത്രമാണ് ചെയ്തതെന്നും അത് എ.ഡി.എമ്മിനെ അറിയിച്ചിട്ടുണ്ടന്നും പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.അജീഷ് കുമാർ പറഞ്ഞു. അനൗൺസ്മെന്റ് നടത്താൻ നിർദേശിച്ചിട്ടില്ലെന്നും പൊലീസിന്റെ സഹായത്തോടെ അതിർത്തികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശിച്ചതെന്നും എ.ഡി.എം പറഞ്ഞു.