കടമ്പനാട് : ആയുർവേദ കൊവിഡ് റെസ്പോൺസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കടമ്പനാട് ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ആയുർരക്ഷാ ക്ലിനിക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ആർ. അജീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലീന അദ്ധ്യക്ഷത വഹിച്ചു. വൃദ്ധ ജനങ്ങളുടെ അണുബാധാ സാദ്ധ്യത കുറയ്ക്കുന്നതിനുള്ള "സുഖായുഷ്യം ", രോഗ മുക്തി നേടിയവർ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള "പുനർജ്ജനി ", കൊറന്റയിനിൽ കഴിഞ്ഞവരുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ, വ്യായാമം എന്നിവ ഉൾപ്പെടുത്തിയുള്ള "സ്വാസ്ഥ്യം", കൊറന്റയിനിലും, ഐസൊലേഷനിലും കഴിയുന്നവർക്ക് കൗൺസലിംഗ് , വൈദ്യോപദേശം എന്നിവ ഫോണിലൂടെ നൽകുന്ന "സാന്ത്വനം "എന്നീ പ്രവർത്തനങ്ങളാണ് ആയുർ രക്ഷാ ക്ലിനിക്കിലൂടെ നടത്തുന്നത്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അനു തോമസ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മോനി കുഞ്ഞുമോൻ, ഡോ. അജയൻ, ഡോ. ശരണ്യ എന്നിവർ സംസാരിച്ചു.