പത്തനംതിട്ട : ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴേക്കും ആളുകൾ ചില സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ തിങ്ങിക്കൂടുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കും. ഏതുസാഹചര്യത്തിലായാലും രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുകയും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്ക് ഫലം ഇല്ലാതെ വരുകയും ചെയ്യും. തുറന്നു പ്രവർത്തിക്കുന്നതിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. വ്യാപാര സ്ഥാപനങ്ങൾ, ലാബുകൾ, ബാങ്കുകൾ, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൺ മാസ്‌ക്കുകളാണ് അനുയോജ്യം. ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുജനങ്ങൾക്കുള്ള സന്ദേശങ്ങൾ സ്ഥാപനങ്ങളിൽ എഴുതി പ്രദർശിപ്പിക്കണം. ഇക്കാര്യത്തിൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

ഡോ.എ.എൽ.ഷീജ,

ജില്ലാ മെഡിക്കൽ ഓഫീസർ