road-1
ആനിക്കാട് പഞ്ചായത്തിലെ കൊച്ചുപറമ്പ് - താലൂക്ക് ആശുപത്രിപ്പടി റോഡ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നിലയിൽ

മല്ലപ്പള്ളി : കൊവിഡ്-19 നിർവ്യാപനം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്കുള്ള അതിർത്തി പാതകൾ പൊലീസ് അടച്ചു. കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഗ്രാമീണ, ഉൾനാടൻ റോഡുകളാണ് ബാരിക്കേഡുകൾ സ്ഥാപിച്ച് താത്കാലികമായി അടച്ചത്. കുന്നന്താനം പഞ്ചായത്തിലെ പാമല കീഴടി, ചാഞ്ഞോടി, മല്ലപ്പള്ളി പഞ്ചായത്തിലെ നെടുങ്ങാടപ്പള്ളി, ആനിക്കാട് പഞ്ചായത്തിലെ നീലംപാറ, ചക്കാലക്കുന്ന്, കോട്ടാങ്ങൽ പഞ്ചായത്തിലെ കുളത്തൂർ, കോട്ടാങ്ങൽ, ചുങ്കപ്പാറ എന്നീ സ്ഥലങ്ങളിലാണ് പൊലീസ് ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്. ഇതിനുപുറമെ സാധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഇരുപതിൽപരം ഗ്രാമീണ റോഡുകളിലുടെയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. ചെക്ക്‌പോസ്റ്റുകളിൽ പൊലീസ്, എക്‌സൈസ്, മോട്ടോർ വാഹനം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും സംയുക്ത പരിശോധന നടത്തി അത്യാവശ്യകാര്യങ്ങൾക്കും അവശ്യസർവ്വിസുകൾക്കുമുള്ള ഗതാഗതം മാത്രമെ ഇനി ആനുവദിക്കൂ. കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ നെടുങ്ങാടപ്പള്ളിയിൽ കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും രണ്ട് ചെക്ക് പോസ്റ്റുകൾ ഒരു പാലത്തിന് ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം കർശനമായി നടപ്പിലാക്കുമെന്ന് കീഴ് വായ്പ്പൂര് എസ്.ആസി.ടി. സഞ്ജയ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിത് ആൻഡ്രൂസ് എന്നിവർ അറിയിച്ചു. ലോക്ഡൗൺകാലത്ത് മല്ലപ്പള്ളി ടൗണിലെ തിരക്ക് ഒഴിവാക്കുവാൻ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കും.