പത്തനംതിട്ട: ഭക്ഷണവും കുടിവെളളവും ലഭിക്കാതെ ഒറ്റപ്പെട്ടു കഴിയുകയാണെന്ന് കൊവിഡ് മുക്തനായി ക്വാറന്റൈനിൽ കഴിയുന്ന ചിറ്റാർ പുതുവേലിൽ വീട്ടിൽ ഷനോജ് ശ്രീധർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവാവ് ദുരിതം പുറംലോകത്തെ അറിയിച്ചത്. പ്രായമായ അച്ഛനും അമ്മയും അസുഖബാധിതനായ സഹോദരനും താമസിക്കുന്ന കുടുംബവീട്ടിൽ നിന്നകന്ന് നാലര കിലോമീറ്റർ അകലെ പുതിയതായി പണിയുന്ന വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഷനോജ്. ഉച്ചയ്ക്ക് ഒരു നേരത്തെ ആഹാരം മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്ന് ഷനോജ് കേരളകൗമുദിയോടും പറഞ്ഞു. കുടിക്കാനും പ്രാഥമികാവശ്യങ്ങൾക്കും വെളളമില്ല. ഇക്കാര്യം ഹെൽത്ത് ഇൻസ്പെക്ടറെയും ചിറ്റാർ പഞ്ചായത്തിലും അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കിണറ്റിൽ നിന്ന് വെളളം ശേഖരിക്കുന്നതിനുളള മോട്ടോർ കത്തിപ്പോയി. രാത്രിയിൽ ഒരു ബൾബിന്റെ വെളിച്ചത്തിൽ കഴിയുന്നു.
ടോയ്ലറ്റിന്റെ പണി തീരാത്തതിനാൽ പറമ്പിലാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. തന്റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ അറിയിച്ചപ്പോൾ സെക്രട്ടറിയേറ്റിൽ നിന്ന് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വൈകിട്ടത്തെ ഭക്ഷണവും വെളളവും ഒരാൾ എത്തിച്ചു കെ.യു.ജനീഷ് കുമാർ എം.എൽ.എയും കാര്യങ്ങൾ അന്വേഷിച്ചു.
മാർച്ച് 22ന് ഷാർജയിൽ നിന്ന് എത്തിയ ഷനോജ് ശ്രീധർ ചിറ്റാർ പ്രൈമറി ഹെൽത്ത് സെൻറിലും പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം ഏപ്രിൽ 10 വരെ പണി തീരാത്ത വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇൗ ദിവസങ്ങളിലും ഭക്ഷണ ക്ഷാമമുണ്ടായി. ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം 10ന് സ്രവ പരിശോധന നടത്തി. പിറ്റേന്ന് വൈകുന്നേരം അഞ്ചുമണിയോടെ ഫോണിൽ വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞു. 15 മിനിട്ടിന് ശേഷം വീണ്ടും വിളിച്ച് റിസൾട്ടിൽ സംശയമുണ്ടെന്ന് അറിയിച്ചു. രാത്രി ഏഴരയോടെ ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഏപ്രിൽ 24ന് കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനാൽ ഡിസ്ചാർജ് ചെയ്ത് ആംബുലൻസിൽ പണിതീരാത്ത വീട്ടിൽ എത്തിച്ചു. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഒരു നേരത്തെ ആഹാരം മാത്രമാണ് ലഭിക്കുന്നതെന്ന് പറഞ്ഞു.
ഇക്കാര്യത്തിൽ പ്രതികരണമറിയാൻ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റിനെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല.