കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ നാട്ടു ചന്ത സജീവം. പഴയ കാലത്തെ ബാർട്ടർ സമ്പ്രദായത്തെ ഒാർമ്മിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനം. ആന്റോ ആന്റണി എം.പി ഭാര്യ ഗ്രേസിനൊപ്പം കൊണ്ടുവന്ന ചീരയും വെള്ളരിയും കൈമാറി പൂവൻപാറ ശാലോം മർത്തോമ ചർച്ച് വികാരി ഫാദർ ഷിജു റോബർട്ട് കൊണ്ടുവന്ന ഓമക്ക തിരികെ എടുത്തു. ആർ.ഡി.ഒ പി.ജി ഏബ്രഹാം ഭാര്യ മൈലപ്ര സ്‌കൂളിലെ പ്രിൻസിപ്പൽ മോളി ഏബ്രഹാമിനൊപ്പം പേരക്ക, ചക്ക, ഓമക്ക, വെള്ളരിക്ക എന്നിവ കൊടുത്ത് ചീര, പയർ, തേങ്ങ എന്നിവ തിരികെ കൊണ്ടുപോയി. നിരവധി പേർ രണ്ടാമത്തെ ചന്തയിൽ പങ്കെടുത്തതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ ആളുകൾ കൂടുവാൻ പാടില്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ മൂന്ന് ഞായറാഴ്ചകളിലായാണ് നാട്ടു ചന്ത ക്രമീകരിച്ചിരിക്കുന്നത്. തേവർ കാട്ടിൽ സോജു പൂവൻപാറയുടെ വസതിയിലായിരുന്നി ഇൗ ആഴ്ചത്തെ ചന്ത.