പണികൾ ഒന്നരമാസം വൈകി
തിരുവല്ല: കൊവിഡ് -19 ലോക്ക് ഡൗൺ കാരണം നിർമ്മാണം മുടങ്ങിയതോടെ തിരുവല്ല ബൈപ്പാസ് ജൂണിലും തുറക്കാനാകില്ല. രണ്ടുമാസം മുമ്പ് കെ.എസ്.ടി.പി, ലോകബാങ്ക് പ്രതിനിധികൾ ബൈപ്പാസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോഴാണ് പണികൾ ഉടനെ പൂർത്തിയാക്കി ജൂണിൽ ബൈപ്പാസ് തുറന്നു കൊടുക്കാമെന്ന് പ്രതീക്ഷ അറിയിച്ചത്. ഇതിന്റെ ഭാഗമായി രാമഞ്ചിറയിലെ മേൽപ്പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കിയിരുന്നു. ഇതിനിടെയാണ് കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് നിർമ്മാണ ജോലികൾ തടസപ്പെട്ടത്. ഇതുകാരണം ഒന്നരമാസമായി ബൈപ്പാസിന്റെ ജോലികൾ എല്ലാം നിറുത്തിവച്ചിരിക്കുകയാണ്. മഴുവങ്ങാട് ചിറ മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ബൈപ്പാസിന്റെ ഭാഗങ്ങൾ പൂർത്തിയായതാണ് ആകെയുള്ള ആശ്വാസം. പൂർത്തിയായ ഭാഗങ്ങളിൽ ട്രാഫിക് ലൈറ്റ് ഉൾപ്പെടയുള്ളവ സ്ഥാപിച്ചു. അര കിലോമീറ്ററോളം ഭാഗമാണ് ഇനി പൂർത്തിയാകാനുള്ളത്. രാമഞ്ചിറ ഭാഗത്ത് മുടങ്ങിപ്പോയ മേൽപ്പാലം നിർമ്മാണത്തിനായുള്ള ഗർഡറുകൾ വാർത്തെടുക്കുന്ന പണികളാണ് ഇനി തുടങ്ങേണ്ടത്. ഇതിന്റെ നിർമ്മാണത്തിനുള്ള സിമന്റും മെറ്റലും ലഭിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. മാത്രമല്ല മഴക്കാലം ജൂണിൽ തുടങ്ങാനിരിക്കെ ബാക്കിയുള്ള ജോലികൾ തടസപ്പെടാനും സാദ്ധ്യതയേറെയാണ്. ബൈപ്പാസിന്റെ ജോലികളെല്ലാം പൂർത്തിയാക്കി എപ്പോൾ തുറന്നുകൊടുക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാൽനൂറ്റാണ്ട് മുമ്പ് ലക്ഷ്യമിട്ട തിരുവല്ല ബൈപ്പാസ് പദ്ധതിയാണ് പലവിധ തടസങ്ങൾ കാരണം നീണ്ടുപോകുന്നത്.
പണി പുനരാരംഭിക്കാൻ അനുമതി
തിരുവല്ല: നിറുത്തിവച്ചിരുന്ന തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ ഇന്ന് മുതൽ പുനാരാരംഭിക്കാൻ ഉപാധികളോടെ അനുമതി ലഭ്യമായതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു.
പണി ചെയ്യാം കരുതലോടെ
1.വൈകിട്ട് അഞ്ചിന് പണികൾ അവസാനിപ്പിക്കണം.
2.പത്തിൽ കൂടുതൽ തൊഴിലാളികൾ അനുവദനീയമല്ല.
3.കൈയുറകൾ, മാസ്‌ക്ക്, സാനിറ്റൈസർ തുടങ്ങിയവ തൊഴിലാളികൾ ഉപയോഗിക്കണം.
4. സാമൂഹിക അകലം പാലിക്കണം.
സിമന്റ് ക്ഷാമവും ക്വാറികൾ പ്രവർത്തിക്കാത്തത് മൂലമുള്ള മെറ്റൽ ക്ഷാമവും തുടർപണികളെ ബാധിക്കാനിടയുള്ളതായും അതിന് പരിഹാരമുണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.