പത്തനംതിട്ട : ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം പി.പി.ഇ കിറ്റുകൾ നിർമ്മിച്ച് റാന്നിയിലെ കെ.കെ എന്റർപ്രൈസസ് സ്ഥാപനം. കുറഞ്ഞ നിരക്കിൽ പി.പി.ഇ കിറ്റ് നിർമ്മിച്ചുനൽകാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. 200 രൂപയിൽ താഴെ മാമ്രേ വിലയാകുകയുള്ളു. വിപണിയിൽ 700 മുതൽ 900 രൂപ വരെയാണ് പി.പി.ഇ കിറ്റിന്റെ വില. സാമ്പിൾ മാത്രമാണ് ഇപ്പോൾ നിർമ്മിക്കുന്നത്.പി.പി.ഇ കിറ്റുകൾ നിർമ്മിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനം കേരളത്തിനു മാതൃകയാണെന്ന് രാജു ഏബ്രഹാം എം.എൽ.എ പറഞ്ഞു. ജില്ലയ്ക്ക് ആവശ്യമായ മുഴുവൻ പി.പി.ഇ കിറ്റുകളും പൂർണമായും ഇവിടെ നിർമ്മിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സർക്കാർ അനുമതി നൽകിയാൽ ഇവിടെനിന്നു സംസ്ഥാനത്തിനു മുഴുവൻ പി.പി.ഇ കിറ്റ് നിർമ്മിച്ചുനൽകുവാൻ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു. സർക്കാർ ക്ലിയറൻസ് ലഭിച്ചാൽ വലിയ രീതിയിലുള്ള നിർമ്മാണത്തിനു ജില്ല സജ്ജമാണെന്നു ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വ്യവസായ വകുപ്പാണു ജില്ലയിൽ സുരക്ഷാ കിറ്റ് നിർമ്മിക്കാൻ മേൽനോട്ടംവഹിക്കുന്നത്.ശരാശരി 100 എണ്ണമാണ് ദിവസേന നിർമ്മിക്കുന്നത്. നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം ജില്ലാ ഭരണകൂടം നൽകും.പി.പി.ഇ കിറ്റിലെ ഗൗൺ, മാസ്‌ക്, ഷൂ പ്രൊട്ടക്ഷൻ കവർ എന്നിവയാണു തയ്ച്ചുനൽകുന്നത്.