പത്തനംതിട്ട: വിതരണ സംവിധാനത്തിലെ പാളിച്ച കാരണം റേഷൻ കടകളിൽ സാധനങ്ങൾ കുന്നുകൂടുന്നു. ബി.പി.എൽ കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം സുഗമമായി നടക്കാത്തതിനാൽ അടുത്ത മാസത്തേക്കുളള സാധനങ്ങൾ സ്റ്റാേക്ക് ചെയ്യാൻ കടകളിൽ സ്ഥലമില്ലാതായി.
സൗജന്യ കിറ്റുകൾ ഇൗ മാസം 22ന് റേഷൻ കടകളിൽ എത്തിയെങ്കിലും 27മുതൽ വിതരണം ചെയ്യാനാണ് അനുമതി നൽകിയത്. അവസാന നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന റേഷൻ കാർഡുകാർക്ക് 27ന് കിറ്റുകൾ വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം. ഇ പോസ് യന്ത്രത്തിൽ അന്നത്തെ അക്കം പൂജ്യം മാത്രമാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ, പൂജ്യത്തിൽ അവസാനിക്കുന്ന നമ്പരുളള കാർഡുടമകളിൽ ചുരുക്കം പേർ മാത്രമാണ് അന്ന് കിറ്റുകൾ വാങ്ങാനെത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു. കാർഡിന്റെ അവസാന അക്കം 0 മുതൽ 9 വരെ അവസാനിക്കുന്നവർക്ക് ഒാരോ ദിവസം വീതം നിശ്ചയിച്ച് മെയ് ഏഴിന് കിറ്റ് വിതരണം പൂർത്തിയാക്കുന്ന നിലയിലാണ് ഇ പോസ് യന്ത്രം ക്രമീകരിച്ചിട്ടുളളത്. ഇതു സംബന്ധിച്ച് കാർഡ് ഉടമകൾക്ക് ഫോണിൽ മെസേജ് നൽകിയെങ്കിലും ശ്രദ്ധിക്കാത്ത പലരും ദിവസം തെറ്റി കിറ്റുകൾ വാങ്ങാൻ ഇന്നലെയും മിനിഞ്ഞാന്നുമായെത്തി. പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുകാർക്ക് മിനിഞ്ഞാന്നും ഒന്നിൽ അവസാനിക്കുന്ന കാർഡുകാർക്ക് ഇന്നലെയുമാണ് കിറ്റ് വിതരണം ഇ പോസ് യന്ത്രത്തിൽ ക്രമീകരിച്ചത്. എന്നാൽ, പൂജ്യം, രണ്ട് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾ ഇന്നലെ കിറ്റ് വാങ്ങാനെത്തി. ഇവർക്ക് കിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവർക്കും എല്ലാ ദിവസവും കിറ്റ് കൊടുക്കാൻ സംവിധാനമുണ്ടാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
--------------
സ്റ്റോക്ക് ചെയ്യാൻ സ്ഥലമില്ല
കാരണം
@. എല്ലാ ബി.പി.എൽ കാർഡുകാർക്കും എല്ലാ ദിവസവും കിറ്റ് വിതരണം ചെയ്യാൻ അനുവദിക്കാത്തത്.
@ മേയ് മാസത്തിൽ വിതരണം ചെയ്യുന്നതിനുളള അരി എത്തുന്നതിനാൽ.
--------------
@ സൗജന്യ കിറ്റിൽ 17 ഇനങ്ങൾ
--------------
വിതരണം ചെയ്യുന്ന തീയതികൾ
(റേഷൻ കാർഡുകളിലെ അവസാന അക്കം ബ്രാക്കറ്റിൽ)
ഇന്ന് (2), നാളെ(3), മെയ് 2 (4), 3 (5), 4(6), 5(7), 6 (8), 7(9).
പൂജ്യം, 1 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകാർ കിറ്റ് വാങ്ങേണ്ടത് ഏപ്രിൽ 27 , 28 ദിവസങ്ങളിലായിരുന്നു.
-----------------
കിറ്റുകൾ സൂക്ഷിച്ചു വയ്ക്കാൻ കടകളിൽ സ്ഥലമില്ല. എല്ലാ കാർഡുകാർക്കും എല്ലാ ദിവസവും വിതരണം ചയ്യാൻ സിവിൽ സപ്ളൈസ് അധികൃതർ ഇ പോസ് മെഷിനിൽ സംവിധാനമുണ്ടാക്കണം.
എം.ബി.സത്യൻ, റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്.