29-veena-george-mla

നാരങ്ങാനം:​ കണ്ണൂർ സ്വദേശിയായ രാകേഷിനും ഭാര്യ റിൻസിയ്ക്കും ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. കണ്ണൂരിൽ നിന്ന് ടൈൽസിന്റെ ജോലിക്കായി രാകേഷ് നാരങ്ങാനത്ത് വന്നിട്ട് ഒരു വർഷം പിന്നിടുന്നു. ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരുന്നപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപനം ഉണ്ടായത്. സഹായത്തിനായി ആരും ഇല്ലാത്ത സാഹചര്യം. ആശുപത്രിയിൽ പുരുഷന്മാരെ കൂടെ നിർത്തില്ല എന്നുമറിഞ്ഞു. പ്രസവത്തിനുള്ള തീയതി എത്തിയതോടെ ആശങ്കയേറി.
വീണാ ജോർജ്ജ് എം.എൽ.എ നേതൃത്വം നൽകുന്ന അമ്മയും കുഞ്ഞും വാട്ട്‌സ് അപ്പ് കൂട്ടായ്മയെ കുറച്ചറിഞ്ഞ റിൻസി സഹായത്തിനായി എം.എൽ.എയെ വിളിക്കുകയായിരുന്നു. ആദ്യം എം.എൽ.എ ഫോണിൽ കിട്ടിയില്ലെങ്കിലും അല്പസമയത്തിനുള്ളിൽ തിരികെ വിളിവന്നു. ഒന്നും ഭയപ്പെടേണ്ടെന്നും സഹായത്തിന് ആളെത്തുമെന്നും അറിയിച്ചു.

പിന്നെ നടന്നതെല്ലാം റിൻസി ഒരു സ്വപ്നം കണക്കെ ഒാർക്കുന്നു.

ഒരു മണിക്കൂറിനുള്ളിൽ മഹിളാ അസോസിയേഷൻ പ്രവർത്തകയായ അബിദാഭായിയും സഹായികളും രാകേഷിന്റെ വീട്ടിലെത്തി. പ്രസവത്തിനുള്ള തീയതി എത്തിയിരുന്ന റിൻസിയെ അടിയന്തരമായി ആംബുലൻസ് എത്തിച്ച് കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയിലേക്ക് മാറ്റി. സഹായത്തിന് ഒരാളെയും ഏർപ്പാടാക്കി നൽകി. കഴിഞ്ഞ ദിവസം റിൻസി ഒരാൺകുഞ്ഞിന് ജന്മം നൽകി. അമ്മയേയും കുഞ്ഞിനെയും കാണാനായി പ്രസവാനന്തരം കഴിക്കേണ്ട ആയുർവ്വേദ മരുന്നുകളുമായി ഇന്നലെ എം.എൽ.എ ആശുപത്രിയിൽ എത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നാട്ടിൽ പ്രസവ ശുശ്രൂഷ നൽകുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്ന മാതാപിതാക്കളെ രാകേഷ് ഫോണിൽ വിവരങ്ങളറിയിച്ചു. ജില്ലാ ആശുപത്രിയിലെ ഡോ.റാംമോഹൻ, ജില്ലാ ആശുപതി സൂപ്രണ്ട് ഡോ. പ്രതിഭ എന്നിവർ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഈ കരുതലിന് എന്നും നന്ദി ഉണ്ടെന്ന് രാകേഷും റിൻസിയും പറയുന്നു.