അടൂർ: വർഷങ്ങളായി കടത്തിണ്ണകളിൽ കിടന്നിരുന്ന വടശ്ശേരിക്കര പേഴുംപാറ വെള്ളിലാങ്ങൽ വിജയനെ (68) ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നിർദ്ദേശത്തെ തുടർന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.
ലോക്ക് ഡൗൺ ആയതോടെ ഭക്ഷണം ലഭിക്കാതായ വിജയൻ ഭക്ഷണം തേടി വീടുകൾ തോറും കയറാൻ തുടങ്ങിയതോടെ പലരും പരിഭ്രാന്തരായി. നാട്ടുകാർ വിവരം കളക്ടറെ അറിയിക്കുകയായിരുന്നു. വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയിൽ പഞ്ചായത്തിന്റെ വാഹനത്തിൽ വിജയനെ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിൽ എത്തിച്ചു.
ഭാര്യയും രണ്ട് പെൺമക്കളുമുള്ള വിജയൻ ഇവരുമായി അകന്നു കഴിയുകയായിരുന്നു. സ്വത്തുക്കളിൽ ഒരുഭാഗം വിറ്റുകിട്ടിയ പണവുമായി ദേശാടനത്തിന് പോയ വിജയൻ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ ബാക്കിയുള്ള വസ്തുവകകൾ വിറ്റ് ഭാര്യയും മക്കളും നാടുവിട്ടെന്നും അതോടെ തെരുവിലെത്തുകയായിരുന്നുവെന്നും വിജയൻ പറഞ്ഞു.
പ്രാഥമിക പരിശോധനകൾക്ക് ശേഷം മഹാത്മയിൽ പ്രവേശിപ്പിച്ച വിജയന് ആവശ്യമായ സംരക്ഷണം നല്കുമെന്നും ഭാര്യയോ മക്കളോ സ്വീകരിക്കുവാൻ തയ്യാറായെത്തിയാൽ വിട്ടുനൽകുമെന്നും മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.