അടൂർ : അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പറക്കോട് മാർക്കറ്റിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവഴികളും ബാരിക്കേഡ് സ്ഥാപിച്ചു അടച്ചു. ജില്ലയിൽ കൊവിഡ് പകരാൻ സാദ്ധ്യതയുള്ള മേഖലയായി പറക്കോട് മാറിയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. നഗരസഭ ചെയർപേഴ്സൺ സിന്ധു തുളസീധരകുറുപ്പ്, കൗൺസിലർ എസ്. ബിനു, ആർ. ഡി. ഒ ഏബ്രഹാം, ഡി. വൈ. എസ്. പി ജവഹർ ജനാർദ്ദ്, ഫയർ ഒാഫീസർ സഖറിയ അഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പങ്കെടുത്തു.
മാർക്കറ്റിലെ ക്രമീകരണം
1. വാഹനങ്ങൾ റോഡിന്റെ വശത്ത് നിറുത്തി സാധനങ്ങൾ ഇറക്കണം. വാഹനവുമായി എത്തുന്ന ഡ്രൈവറും ക്ളീനറും മറ്റാരുമായി സമ്പർക്കം പുർത്താതിരിക്കുന്നതിനായി അവർക്കായി പ്രത്യേക വിശ്രമ മുറി ഒരുക്കും. ഇവരെ ആരോഗ്യവകുപ്പ് പ്രവർത്തകർപരിശോധിക്കും.
2. ചരക്ക് വാഹനങ്ങൾ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കും. 3. വലിയ വാഹനത്തിൽ നിന്ന് ചെറുവാഹനങ്ങളിലേക്ക് ചരക്ക് കയറ്റുന്നതിന് ടോക്കൺ സംവിധാനവും ഏർപ്പെടുത്തും.
4. പൊലീസിന്റെ സേവനവും മാർക്കറ്റിൽ ലഭ്യമാക്കും.
മാർക്കറ്റ് ശുചീകരിച്ചു
ബാരിക്കേട് സ്ഥാപിച്ചതിനൊപ്പം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മാർക്കറ്റ് ശുചീകരിച്ചു. പറക്കോട് മാർക്കറ്റിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ആഴ്ച ചന്ത നടക്കുന്നത്. ഇപ്പോൾ ചെറുതും വലുതുമായ മുപ്പതോളം വാഹനങ്ങളാണ് പ്രതിദിനം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നത്.തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുരൈ,തെങ്കാശിയിലെ പാവൂർ സത്രം, ചുരണ്ട എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറിയും തിരുനൽവേലി, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുമാണ് വാഴക്കുലകളും മഹാരാഷ്ട്രയിലെ പൂന, നാഗപ്പൂർ എന്നിവടങ്ങളിൽ നിന്നാണ് സവാളയും എത്തുന്നത്. ഇതിന് പുറമേ വെയർഹൗസിംഗ് കോർപ്പറേഷൻ, സിവിൽ സപ്ളൈസ് എന്നിവയുടേത് ഉൾപ്പെടെയുള്ള മൂന്ന് ഗോഡൗണുകളിലേക്ക് അരിയും പലവ്യഞ്ജനങ്ങളും എത്തുന്നത് ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് പുറമേ കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും ലോക്ക് ഡൗൺ കാലത്ത് പ്രധാനമായും പച്ചറികൾ എത്തുന്നത് പറക്കോട് മാർക്കറ്റിൽ നിന്നുമാണ്.
ചരക്കുമായി വരുന്ന വാഹനങ്ങൾക്ക് പുറമേ പച്ചക്കറികൾ കൊണ്ടുപോകുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നും 250ൽപ്പരം ചെറുവാഹനങ്ങളും എത്തുന്നുണ്ട്. സാമൂഹ്യഅകലം ഇവിടെ പാലിക്കുന്നില്ല.