പത്തനംതിട്ട: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ റെഡ് സോണിലായ കോട്ടയം, ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങൾ അടച്ച് പൊലീസ് പരിശോധന പരിശോധന ശക്തമാക്കി. ജില്ലയിൽ മെയ് മൂന്നിന് ശേഷമേ ഇളവുകൾ അനുവദിക്കുകയുളളൂവെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു. ഓറഞ്ച് സോണിലാണ് ജില്ല.

ആവശ്യസേവനങ്ങൾ നൽകുന്ന വ്യാപാരസ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കാനുള്ള അനുവാദം മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരുടെ എണ്ണം വർദ്ധിക്കുകയും ഇളവുകൾ നിലവിൽവന്നുവെന്ന ധാരണയിൽ കടകൾ തുറക്കുകയും ചെയ്തിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളിൽ രോഗവ്യാപനം കൂടുതലായി റിപ്പോർട്ടായ സാഹചര്യത്തിലാണു ജില്ലയിൽ മൂന്ന് വരെ നിയന്ത്രണം ശക്തമാക്കിയത്.

ജില്ലാ അതിർത്തികളായ റാന്നി, മന്ദമരുതി, പായിപ്പാട്, കടമ്പനാട്, എന്നിവിടങ്ങളാണ് അടച്ചത്. എം.സി റോഡിൽ ഏനാത്ത് ഭാഗത്ത് നിന്ന് പ്രവേശിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.

വിലക്കുകൾ ലംഘിച്ച നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. അതിർത്തി പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.