പത്തനംതിട്ട: ജില്ലയിൽ നിർദേശങ്ങൾ ലംഘിക്കുന്ന കടകൾ അടപ്പിച്ച് ലൈസൻസ് റദ്ദാക്കുമെന്ന് കളക്ടർ പി.ബി നൂഹ് പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂർണമായും ഉടൻ അടയ്ക്കും. ആരോഗ്യ പ്രവർത്തകർ, മരണ സംബന്ധമായ യാത്ര ചെയ്യുന്നവർ, ഗർഭിണികൾ, ആരോഗ്യപ്രശ്‌നമുള്ളവർ ഒഴികെയുള്ള ആരെയും ജില്ലാ അതിർത്തി കടക്കാൻ അനുവദിക്കില്ല. പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങൾ കടത്തിവിടും. പൂർണമായും അടച്ചിട്ടിരിക്കുന്ന അതിർത്തികളിലെ നിലവിലുള്ള സംവിധാനം തുടരും.
കടമ്പനാട് പഞ്ചായത്തിലെ പാക്കിസ്ഥാൻമുക്ക്, ഒറ്റത്തെങ്ങ്, പനന്തോപ്പ്, ഏഴാം മൈൽ, മണ്ണാറോഡ്, തെങ്ങമം എന്നീ ജില്ലാ അതിർത്തികൾ അടച്ചു. ജില്ലയിലെ 11 അതിർത്തികളിൽ ഒൻപതെണ്ണം പൂർണമായും അടച്ചിട്ടുണ്ട്. ആർ.ഡി.ഒ: പി.ടി. എബ്രഹാം, നഗരസഭ ചെയർപേഴ്‌സൺ സിന്ധു തുളസീധരക്കുറുപ്പ്, വാർഡ് കൗൺസിലർ എസ്. ബിനു തുടങ്ങിയവർ കളക്ടർക്കൊപ്പം ജില്ലാ അതിർത്തി സന്ദർശിച്ചു.
-----------
വാഹനങ്ങൾ അണുവിമുക്തമാക്കും
പറക്കോട് ചന്തയിലേക്കുവരുന്ന ലോഡുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവറിനും ക്ലീനറിനും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ചന്തയ്ക്കു സമീപംതന്നെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യ പരിശോധനയും ഇവിടെ ലഭ്യമാണ്. ലോഡ് എടുക്കുന്നതിനായി വരുന്ന വാഹനങ്ങൾക്ക് പാസുകൾ നൽകി ഓരോ വാഹനങ്ങളായി കടന്നുവരാനുള്ള സൗകര്യങ്ങൾ ഒരുക്കും. നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഈ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും.
രാത്രികാലങ്ങളിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അടങ്ങുന്ന സംഘത്തിന്റെ സ്‌ക്വാഡ് പരിശോധന നടത്തും.
------------
ജില്ലിയിൽ അതിർത്തികൾ 11