കൊല്ലം: ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾ അടഞ്ഞു കിടക്കുന്നതു മൂലം പത്രവ്യവസായം പ്രതിസന്ധിയിലാകാതിരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിവിധ എം.പി മാർ ആവശ്യപ്പെട്ടു.


മാദ്ധ്യമ സ്വാതന്ത്ര്യത്തെ

ബാധിക്കും: എൻ.കെ. പ്രേമചന്ദ്രൻ

ന്യൂസ് പ്രിന്റ് കിട്ടാതായാൽ അത് മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നതിനു തുല്യമാണ്. കൊവിഡിന് നൽകുന്ന ഇളവുകളിൽ പേപ്പർ മില്ലുകളെയും ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ഉടൻ കത്ത് നൽകും. തമിഴ്നാട്ടിലെ പേപ്പർ മില്ലുകളിൽ നിന്ന് ഏറ്റവും കൂടുതൽ ന്യൂസ് പ്രിന്റ് വാങ്ങുന്നത് കേരളത്തിലെ പത്രസ്ഥാപനങ്ങളാണ്.


അടിയന്തര ഇടപെടൽ

വേണം: എ.എം. ആരിഫ്

കൊവിഡ് വേളയിലും മാദ്ധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പറയുന്നതല്ലാതെ കേന്ദ്ര സർക്കാർ യാതൊന്നും ചെയ്യുന്നില്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകും. പേപ്പർ മില്ലുകൾക്ക് ഇളവുകൾ നൽകി കേരളത്തിലെ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ന്യൂസ്‌ പ്രിന്റ് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.


പ്രത്യേക ഇളവ് വേണം:

കെ. സോമപ്രസാദ്

പേപ്പർ മില്ലുകൾക്ക് പ്രത്യേക പരിഗണന നൽകി മിനിമം തൊഴിലാളികളെ വച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ കേന്ദ്ര സർക്കാർ അവസരമുണ്ടാക്കണം. മറ്റ് വ്യവസായം പോലെ പേപ്പർ മില്ലുകളെ കാണരുത്. മാദ്ധ്യമങ്ങളെ സംരക്ഷിച്ച്, അറിയാനുള്ള അവകാശം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.