തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി മരം മറിഞ്ഞു വീണ് ആറ് വീടുകൾക്ക് നാശനഷ്ടം. നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടി വെളുത്തേടത്ത് പറമ്പിൽ വിദ്യാധരൻ്റെ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണ് മേൽക്കൂരയ്ക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. പൊടിയാടി രാധാലയത്തിൽ സോമശേഖരൻ നായരുടെ വീടിനു മുകളിൽ പ്ലാവ് കടപുഴകി വീണ് നാശമുണ്ടായി.മണിപ്പുഴ പായിക്കാട്ട് അനിൽകുമാറിന്റെ വീടിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ കടമ്പനാട്ടിൽ ഷാജിയുടെ വീടിനു മുകളിൽ മരംവീണ് ഭാഗീകനാശം സംഭവിച്ചു. കോയിപ്രം പുല്ലാട് കൊച്ചുപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ കുട്ടപ്പൻ, ഓമന രഘുദാസ് എന്നിവരുടെ വീടിനു മുകളിൽ പന മറിഞ്ഞ് വീണ് മേൽക്കുരയ്ക്കു തകർച്ചയുണ്ടായി. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. മരങ്ങൾ വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് നെടുമ്പ്രം,മേപ്രാൽ പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു. മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഈ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വൈകിട്ട് മുടങ്ങിയ വൈദ്യുതി വിതരണം ഇന്നലെ ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്.