തിരുവല്ല: ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയതോടെ ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കർശന ഉപാധികളോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ ഒരു മാസത്തിലേറെയായി വീടിനുള്ളിൽ കഴിച്ചുകൂട്ടിയവർ പലവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങി തുടങ്ങിയതാണ് തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയത്. നഗരവീഥികൾ ഇന്നലെ സജീവമായിരുന്നു.സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറി മാർക്കറ്റിലുമടക്കം ഉച്ചവരെ തിരക്ക് അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനകളും ബോധവൽക്കരണവും കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവരുടെ സ്രവങ്ങൾ ശേഖരിക്കുന്ന നടപടി ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർ,ആശാ വർക്കന്മാർ,പൊലീസ് ഉദ്യോഗസ്ഥർ,സന്നദ്ധ പ്രവർത്തകർ,ജനപ്രതിനിധികൾ,ബാങ്ക് ജീവനക്കാർ, സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർ,പച്ചക്കറി-പഴം മാർക്കറ്റുകളിലെ ജീവനക്കാർ,ചുമട്ട് തൊഴിലാളികൾ എന്നിവരുടെ സ്രവങ്ങളാണ് പ്രധാനമായും പരിശോധനയ്ക്കായി ശേഖരിച്ചു തുടങ്ങി.ഈവിഭാഗങ്ങളെ ചെറുഗ്രൂപ്പുകളായി തിരിച്ചുള്ള ബോധവൽക്കരണ പരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറി മാർക്കറ്റുകളിലും എത്തുന്ന പൊതുജനങ്ങളുടെ ശരീര ഊഷ്മാവ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് അളക്കുന്ന പരിശോധനയും വ്യാപകമാക്കി.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർ മാത്രമാണ് നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത്.ഇവർ മൂവരുടെയും സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.നിരീക്ഷണ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ഒരുവട്ടം കൂടി ഇവരുടെ സ്രവങ്ങൾ ഒന്നുകൂടി പരിശോധിക്കും.കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും പരിശോധനാ കാര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരോട് സഹകരിക്കണമെന്നും പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.എം സാബുക്കുട്ടി അറിയിച്ചു.