കോന്നി: ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് വോളന്റിയർമാരും സംയുക്തമായി കോന്നിയിൽ മാസ്‌ക് ഡിസ്‌പോസൽ ബിൻ സ്ഥാപിച്ചു. എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്നത് നിർബന്ധമാക്കിയതോടെ മാസ്‌ക് ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്നു എന്ന പരാതി വ്യാപകമായി.ഇത് സാമൂഹിക പ്രശ്‌നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് വോളന്റിയർമാരും മുൻകൈ എടുത്ത് ഉപയോഗശേഷം മാസ്‌ക് നിക്ഷേപിക്കാൻ ബിൻ സ്ഥാപിക്കാൻ തീരുമാനിച്ചത്. കോന്നിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിൻ സ്ഥാപിക്കാനാണ് ഫയർഫോഴ്‌സ് തീരുമാനിച്ചിട്ടുള്ളത്.

ബിന്നിൽ നിക്ഷേപിക്കുന്ന മാസ്‌കുകൾ സുരക്ഷിതമായി മാറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യും.കോന്നി ജംഗ്ഷനിൽ സ്ഥാപിച്ച ബിന്നിൽ ഉപയോഗിച്ച മുഖാവരണം നിക്ഷേപിച്ച് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.ഐ സുരേഷ് കുമാർ,ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലാൽജീവ്,ഫയർമാൻ ബിജു, സിവിൽ ഡിഫൻസ് വോളന്റിയർമാരായ ലിന്റോ തോമസ്, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.