അടൂർ : കൊവിഡ് 19 വീടൊരുക്കി കുട്ടിപൊലീസ്, ദാമ്പത്യം വിളക്കിച്ചേർത്ത് അടൂർ ജനമൈത്രി പൊലീസ്. ഇരട്ടിമധുരത്തിന്റെ നിറവിലായിരുന്നു പന്നിവിഴ കിഴക്ക് കനാൽകരയിൽ താമസിക്കുന്ന മണിയൻ -തങ്കമണി ദമ്പതികൾ.ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ സാന്നിദ്ധ്യത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ. എ സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറിയപ്പോൾ വീട്ടമ്മയായ തങ്കമണിയുടെ കണ്ണുകൾ നിറഞ്ഞു. അതിനുള്ളിൽ ഒരു ജീവിതം എരിഞ്ഞടങ്ങിയതിന്റെ ആത്മസാഫല്യം.ഒപ്പം ഭർത്താവിനെ നേർവഴിയലേക്ക് തിരിച്ചുവിടാൻ ഉണ്ടായ ലോക്ഡൗൺ കാലഘട്ടത്തിന് മുന്നിലും അവർ ശിരസ് നമിച്ചു.പന്നിവിഴ ദേവീക്ഷത്രത്തിന് കിഴക്ക്മാറി കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന വിലങ്ങുമണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മണിയുടെ മദ്യാസക്തിക്ക് മുന്നിലാണ് ഒരു കുടുംബജീവിതം താളപ്പിഴയിലേക്ക് വഴിതെളിച്ചത്. വീട്ടിൽ കാട്ടിയ വികൃതികൾ കുടുംബത്തിന് മാത്രമല്ല നാട്ടുകാർക്കും തലവേദനായി.കനാൽപുറമ്പോക്കിൽ ഉണ്ടായിരുന്ന താൽക്കാലിക വീട് ഇടിഞ്ഞ് താഴ്ന്ന് പ്ലാസ്റ്റിക് മൂടിയ അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ഗൃഹനാഥനായ മണി ഭാര്യയുമായി അകന്ന് കടത്തിണ്ണകളിലേക്ക് അഭയം പ്രാപിച്ചത്. ലോക്ഡൗണിനെ തുടർന്ന് വഴിയോരത്ത് അന്തിയുറങ്ങുന്ന ആളുകളെ കണ്ടെത്തിയവരെ പാർപ്പിക്കാൻ ചിറ്റയം ഗോപകുമാർ എം.എൽ.എയും ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദും താൽപ്പര്യമെടുത്ത് കരുവാറ്റ ഗവൺമെന്റ് എൽ.പി സ്കൂളിൽ ആരംഭിച്ച താത്കാലിക അഗതി മന്ദിരത്തിൽഎത്തി ഒരാഴ്ചത്തെ ജീവിതത്തിനടയിലാണ് ഇനി ജീവത്തിൽ മദ്യപിക്കില്ലെന്ന ദൃഢനിശ്ചയം എടുത്തത്. ഇതോടെ പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരിച്ചെത്തി.ഇതിനെ തുടർന്ന് കൊട്ടാരക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ജോൺസൺ ജോസഫുമായി പങ്കുവയ്ക്കുകയും 85,000 രൂപ ചെലവഴിച്ച് സുരക്ഷിത വീട് ഒരുക്കുന്നതിന് വഴിതെളിച്ചത്.ഇന്നലെ ഭാര്യയ്ക്കൊപ്പം വീടിന്റെ താക്കോൽ എം.എൽ.എ യിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ നഗരസഭ ചെയർപേഴ്സൺ സിന്ധു തുളസീധരകുറുപ്പ്,വാർഡ് കൗൺസിലർ ജി.ബിന്ദുകുമാരി, ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദ് എന്നിവരും സന്നിഹിതരായിരുന്നു