പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് കോട്ടയം, ആലപ്പുഴ ജില്ലാ അതിർത്തികളിലെ ചെറിയ റോഡുകൾ അടച്ചു.. ആരോഗ്യ പ്രവർത്തകർ, മരണ സംബന്ധമായ യാത്ര ചെയ്യുന്നവർ, ഗർഭിണികൾ, ആരോഗ്യപ്രശ്‌നമുള്ളവർ ഒഴികെയുള്ള ആരെയും ജില്ലാ അതിർത്തി കടക്കാൻ അനുവദിക്കില്ല. പ്രധാന റോഡുകളിലെ പരിശോധന ശക്തമാക്കും.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ ആറു താലൂക്കുകളിലായി 110 കോവിഡ് കെയർ സെന്ററുകളാണു പ്രവർത്തിക്കുക.
പായിപ്പാട് വട്ടച്ചുവട് ഇബ്രാഹിം നഗർ, മുക്കാഞ്ഞിരം, ഇടഞ്ഞില്ലം, ളായിക്കാട്, കുറ്റൂർ എന്നീ അതിർത്തി പ്രദേശങ്ങളും തിരുവല്ല താലൂക്ക് ആശുപത്രിയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും മാത്യു ടി. തോമസ് എം.എൽ.എ യും ജില്ലാ കളക്ടർ പി.ബി നൂഹും സന്ദർശിച്ചു. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, തഹസിൽദാർ പി.ജോൺ വർഗീസ് തുടങ്ങിയവരും പങ്കെടുത്തു.
തെങ്ങമം: കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ കൊവിഡ് 19 സ്ഥിതീകരിച്ചസാഹചര്യത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ അതിർത്തി റോഡുകൾ അടച്ചു. ചക്കുവള്ളിതെങ്ങമം റോഡ് ,ഏഴാംമൈൽ തെങ്ങമം റോഡ് ,ആനയടിപഴകുളം റോഡ് ,ആനയടിതെങ്ങമം റോഡ് , കോട്ടപ്പുറം തെങ്ങമം റോഡ് , ആനയടിതണ്ടാൻമുക്ക് തെങ്ങമംറോഡ് , തെങ്ങമം അമ്പിയിൽകടവ് കണ്ണമം റോഡ് എന്നിവയാണ് അടച്ചത് . ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം പള്ളിക്കൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും അടൂർ പൊലീസും ചേർന്നാണ് റോഡുകൾ അടച്ചത് . എന്നാൽ ഇടക്കാട് ഭാഗത്ത് നിന്ന് തെങ്ങമത്തേക്ക് പ്രവേശിക്കുന്ന പാലത്തിൻകടവ് പാലം അടച്ചത് നാട്ടുകാരുമായി തർക്കം ഉണ്ടാകുകയും റവന്യൂ അധികൃതരുടെ സാനിധ്യത്തിൽ പൊളിച്ചുമാറ്റുകയും ചെയ്തു. ഇത് പിന്നീട് പൊലീസെത്തി വീണ്ടും അടച്ചു.