പത്തനംതിട്ട: ജില്ലയ്ക്ക് വീണ്ടും ആശ്വാസ ദിനം. ജനറൽ ആശുപത്രിയിൽ കൊവിഡ് 19 ചികിത്സയിൽ കഴിയുന്ന രണ്ട് പേർ കൂടി രോഗമുക്താരായി. അയിരൂർ ഇടപ്പാവൂർ പ്രണവ് ഹൗസിൽ പ്രണവിനെ (27) ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഈ മാസം എട്ടിന് ദുബായിൽ നിന്ന് നാട്ടിലെത്തിയതാണ് ഈ യുവാവ്. ഇന്നലെ രണ്ടാമത്തെ നെഗറ്റീവ് ഫലവും ലഭിച്ചതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അടൂർ സ്വദേശിയായ യുവാവിന്റെ രണ്ടാമത്തെ നെഗറ്റീവ് ഫലം ഇന്നലെ വൈകി ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്‌തേക്കും.
ആറൻമുള സ്വദേശിയായ ഒരാളുടെ സ്രവ പരിശോധന ഫലവും കൂടി നെഗറ്റീവായാൽ ജില്ല കൊവിഡ് മുക്തമാകും.
ജില്ലയിൽ ആകെ 17 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 15 പേർ ആശുപത്രി വിട്ടു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 163 പേരെ നിരീക്ഷണ കാലം പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് വിടുതൽ ചെയ്തു. ആകെ 222 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്നലെ 82 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ ജില്ലയിൽ നിന്ന് 3723 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്.